ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ പട്ടിക പുറത്തിറക്കി ബിജെപി, കെജ്‌രിവാളിനെതിരെ പർവേഷ് വർമ്മ

ഫെബ്രുവരിയിലാകും തെരഞ്ഞെടുപ്പ്. ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു

Update: 2025-01-04 12:19 GMT
Editor : rishad | By : Web Desk

പര്‍വേഷ് വര്‍മ- അരവിന്ദ് കെജ്‌രിവാൾ

Advertising

ന്യൂഡല്‍ഹി: എഎപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പർവേഷ് വർമ്മ, രമേഷ് ബിധുരി, മഞ്ജീന്ദർ സിംഗ് സിർസ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ആദ്യ പട്ടികയില്‍ ഇടം നേടി.

29 സ്ഥാനാര്‍ഥികളടങ്ങിയ ആദ്യ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. 70 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ എംപി പര്‍വേഷ് വര്‍മയാണ് മത്സരിക്കുന്നത്.

നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍കജി മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവ് രമേഷ് ബിധുരി മത്സരിക്കും. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എംപിയാണ് രമേഷ് ബിധുരി. ഇതോടെ കല്‍കജിയില്‍ വാശിയേറിയ പോരാട്ടമാണെന്ന് ഉറപ്പായി. മുന്‍ എഎപി നേതാവ് കൂടിയായ അൽക്ക ലാംബയെയാണ് കോണ്‍ഗ്രസ് ഇവിടെ നിര്‍ത്തിയിരിക്കുന്നത്.

ഇതിന് പുറമെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കൈലാഷ് ഗെലോട്ടിനെ ബിജ്വാസന്‍ സീറ്റാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ഷീലാ ദീക്ഷിത് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലവ്‌ലി ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധിനഗര്‍ സീറ്റില്‍നിന്ന് ബിജെപിക്കായി മത്സരിക്കും. കഴിഞ്ഞ വര്‍ഷമാണ് അരവിന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്. 

ഫെബ്രുവരിയിലാകും തെരഞ്ഞെടുപ്പ്. ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News