ഡൽഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല; മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹൈക്കോടതി
കലാപത്തിനിടെ ഡൽഹി പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഹമ്മദ് ഇബ്രാഹിമിന് ജാമ്യം നിഷേധിച്ച് കൊണ്ടിറക്കിയ ഉത്തരവിലാണ് കോടതി പരാമർശം
കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഡൽഹി ഹൈക്കോടതി. കലാപത്തിനിടെ ഡൽഹി പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഹമ്മദ് ഇബ്രാഹിമിന് ജാമ്യം നിഷേധിച്ച് കൊണ്ടിറക്കിയ ഉത്തരവിലാണ് കോടതി പരാമർശം.
" രാജ്യതലസ്ഥാനത്തെ പിടിച്ചു കുലുക്കിയ കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. പ്രോസിക്യൂഷൻ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളിലുള്ള സമരക്കാരുടെ പെരുമാറ്റം സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാണ്." ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ഉത്തരവിൽ പറഞ്ഞു.
" സി.സി.ടി.വി കാമറകൾ വിഛേദിക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതും നഗരത്തിലെ ക്രമസമാധാന നില തകർക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ്. എണ്ണത്തിൽ വളരെ കുറവായിരുന്ന പൊലീസിനെ നിഷ്പ്രഭരാക്കി അനേകം കലാപകാരികൾ വടികളും ദണ്ഡുകളുമായി ഇറങ്ങിയത് ഇത് തെളിയിക്കുന്നതാണ്" - കോടതി അഭിപ്രായപ്പെട്ടു.കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് സലിം ഖാന് കോടതി ജാമ്യം അനുവദിച്ചു.
വ്യക്തിസ്വാതന്ത്ര്യം സമൂഹത്തിന്റെ സമാധാനതാരീക്ഷം തകർക്കാനുള്ളതല്ല. ഇബ്രാഹിം തന്റെ കയ്യിലുള്ള വാളുകാട്ടി ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.രത്തൻ ലാലിൻറെ മരണം വാളുകൊണ്ടുള്ള മുറിവ് കരണമല്ലെന്ന് ഇബ്രാഹിമിന്റെ അഭിഭാഷകൻ വാദിച്ചു . സ്വയം പ്രതിരോധത്തിനാണ് താൻ വാൾ കൈവശം വെച്ചതെന്നുമായിരുന്നു ഇബ്രാഹിമിന്റെ വാദം.