'മഹാ വികാസ് അഘാഡി സർക്കാറിനെ അട്ടിമറിക്കാൻ ഫഡ്‌നാവിസ് സമീപിച്ചു'; വെളിപ്പെടുത്തലുമായി മുൻ ആഭ്യന്തര മന്ത്രി
ഉദ്ധവ് താക്കറെ, അജിത് പവാർ എന്നിവർക്കെതിരെ തെറ്റായ സത്യവാങ് മൂലം നൽകണമെന്നാവശ്യപ്പെട്ടതായും അനിൽ ദേശ്‌മുഖ്
മുംബൈ: മൂന്ന് വർഷം ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാറിനെ അട്ടിമറിക്കാൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് സമീപിച്ചിരുന്നതായി എൻ.സി.പി നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ അനിൽ ദേശ്‌മുഖ്.
മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ,ടൂറിസം മന്ത്രിയായിരുന്ന മകൻ ആദിത്യ താക്കറെ, ഗതാഗത മന്ത്രി അനിൽ പരബ്,ധനമന്ത്രി അജിത് പവാർ എന്നിവർക്കെതിരെ തെറ്റായ സത്യവാങ്മൂലം സമർപ്പിക്കാൻ ഫഡ്നാവിസ് സമ്മർദം ചെലുത്തിയതായും അനിൽ ദേശ്‌മുഖ് അവകാശപ്പെട്ടു.
'ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനിൽ പരബ്, അജിത് പവാർ എന്നിവർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സത്യവാങ്മൂലം നൽകാൻ 2021 ല്‍ ദേവേന്ദ്ര ഫഡ്നാവിസ് എന്നോട് ആവശ്യപ്പെട്ടു. ഞാനത് ചെയ്യാൻ വിസമ്മതിച്ചു. അതുകൊണ്ടാണ് ഇഡിയെയും സിബിഐയെയും എന്റെ പിന്നാലെ അയച്ചത്. 13 മാസം ജയിലിൽ കിടന്നു,' അനിൽ ദേശ്‌മുഖ് ആരോപിച്ചു.
മുംബൈയിലെ ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നാണ് ദേശ്‌മുഖിന്റെ മന്ത്രി സ്ഥാനം തെറിച്ചത്. പിന്നാലെ കേസിൽ അറസ്റ്റിലാകുകയും ചെയ്തു. 13 മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ദേശ്‌മുഖ്. ദേശീയമാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിലാണ് ആരോപണങ്ങളുമായി ദേശ്‌മുഖ് രംഗത്തെത്തിയത്.
'ഫഡ്നാവിസിന്റെ ഇടനിലക്കാരനിൽ നിന്നാണ് ഓഫർ വന്നത്, ഞാൻ അദ്ദേഹവുമായി ഫോണിൽ വ്യക്തിപരമായി സംസാരിച്ചു. ഫഡ്നാവിസിന്റെ സഹായി എന്നെ ഒന്നിലധികം തവണ സന്ദർശിച്ചു. താക്കറെയ്ക്കെതിരെയും അനിലിനെതിരെയും സംസാരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു'. അനിൽ ദേശ്മുഖ് പറഞ്ഞു. സമയമാകുമ്പോൾ എല്ലാ വിശദാംശങ്ങളും പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങളെല്ലാം ദേവേന്ദ്ര ഫഡ്നാവിസ് നിഷേധിച്ചു. ദേശ്മുഖ് സ്വന്തം പാർട്ടിയിലെ അംഗങ്ങൾക്കെതിരെ സംസാരിക്കുന്നതിന്റെ തെളിവുകൾ തന്റെ കൈയിലുണ്ടെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണെങ്കില്‍ താൻ ആ തെളിവുകൾ പുറത്ത് വിടുമെന്നും ഫഡ്‌നാവിസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.