ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: രണ്ടുപേർക്കെതിരെ കൂടി കേസെടുത്തു
സ്വാമി ധരംദാസിന്റെയും സാധ്വി അന്നപൂർണയുടെയും പേരിലാണ് കേസെടുത്തിട്ടുള്ളത്
ഹരിദ്വാറിൽ നടന്ന ധരം സൻസദിൽ മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കൂടി കേസെടുത്തു.സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എഫ്‌ഐആറിൽ സ്വാമി ധരംദാസിന്റെയും സാധ്വി അന്നപൂർണയുടെയും പേരുകൾ കൂടി ചേർത്തതെന്ന് ഹരിദ്വാർ കോട്വാലി എസ്എച്ച്ഒ രകിന്ദർ സിംഗ് പറഞ്ഞു. മതസമ്മേളനത്തിൽ മുസ്ലീങ്ങൾക്കെതിരെ വംശീയ ഉന്മൂലനത്തിന് വരെ ആഹ്വാനം ചെയ്ത സംഭവത്തിൽ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി എന്ന വസീം റിസ്വിക്കെതിരെ മാത്രമായിരുന്നു മുമ്പ് കേസെടുത്തിരുന്നത്.
ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിയാണ് ജേിതേന്ദ്ര നാരായൺ സിംഗ് ത്യാഗി.ഐപിസി സെക്ഷൻ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡിസംബർ 16 മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലായി ഹരിദ്വാറിലെ വേദ് നികേതൻ ധാമിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർ മുസ്ലീങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് ശേഷവും കേസെടുക്കാൻ പൊലീസ് മുതിർന്നിരുന്നില്ല. തുടർന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖർ ഇതിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് കേസെടുക്കാൻ പൊലീസ് തയാറായത്. എന്നാൽ അറസ്റ്റിലായവർക്കെതിരെ യു.എ.പി.എ ചുമത്തില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.