ദേശീയ പതാക രൂപകല്‍പ്പന ചെയ്തത് സുറയ്യാ തയാബ്ജിയോ? വസ്തുത എന്ത്?
ദേശീയ പതാക രൂപകൽപന ചെയ്തത് ബദ്‌റുദ്ധീൻ തയാബ്ജിയുടെ പേരമകളായ സുറയ്യാ തയാബ്ജിയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചില ചരിത്രകാരന്മാര്‍ പറയുന്നത്
ഇന്ത്യൻ ദേശീയ പതാക രൂപകല്‍പ്പന ചെയ്തത് ആരാണ് എന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ തലപൊക്കിയിട്ടുണ്ട്. ദേശീയ പതാക രൂപകല്‍പ്പന ചെയ്തത് പിങ്കലി വെങ്കയ്യയാണ് എന്നാണ് ചരിത്ര പുസ്തകങ്ങൾ പറയുന്നത്. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചര്‍ച്ചകള്‍ പറയുന്നത് ദേശീയ പതാക രൂപകൽപന ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാം പ്രസിഡണ്ടായിരുന്ന ബദ്‌റുദ്ധീൻ തയാബ്ജിയുടെ പേരമകളായ സുറയ്യാ തയാബ്ജിയാണ് എന്നാണ്. സുറയ്യാ തയാബ്ജിയുടെ കുടുംബാഗങ്ങളും ചില ചരിത്രകാരന്മാരുമാണ് ഈ വാദം ആദ്യമായി മുന്നോട്ടുവച്ചത്.
ഇന്ത്യൻ ദേശീയ പതാകയുടെ ഉദ്ഭവം
1921 ൽ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ് രാജ്യത്തിന് ഒരു പതാക വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവക്കുന്നത്. ആന്ധ്രയിലെ കോൺഗ്രസ് നേതാവായ പിങ്കലി വെങ്കയ്യയുടെ പേരാണ് പതാക രൂപകൽപന ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടത്. മൂന്ന് നിറങ്ങൾ പതാകയിലുണ്ടാവണമെന്നും പതാകക്കുള്ളിൽ ചർക്കയുടെ ചിത്രം ആലേഖനം ചെയ്യണം എന്നും ഗാന്ധിജി വെങ്കയ്യയോട് നിര്‍ദേശിച്ചു. 2004 ൽ രാമചന്ദ്ര ഗുഹ ദ ഹിന്ദുവിലെഴുതിയ "ട്രൂത്ത് എബൗട്ട് ട്രൈ കളർ" എന്ന ലേഖനത്തിൽ 1931 ൽ കോൺഗ്രസ് നിയമിച്ച ഫ്ലാഗ് കമ്മറ്റി പതാകയിൽ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് പറയുന്നു. ഗാന്ധിജി നിർദേശിച്ച ചുവന്ന നിറത്തിന് പകരം കാവി നിറമാക്കുകയും നിറങ്ങളുടെ ക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. 1947 ജൂലൈ 22 ന് ഭരണഘടനാ നിർമാണസമിതി ദേശീയ പതാകയുമായി ബന്ധപ്പെട്ട് ഒരു പ്രമേയം പാസാക്കി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ നിർദേശ പ്രകാരം ചർക്കക്ക് പകരം അശോക ചക്രം പതാകയില്‍ ആലേഖനം ചെയ്യാൻ തീരുമാനമായി
വിവാദം
ഈ അടുത്തിടെ 'ദ വയർ' പോര്‍ട്ടലില്‍ സുറയ്യാ തയാബ്ജിയുടെ മകൾ ലൈലാ തയാബ്ജി എഴുതിയ ലേഖനത്തിലാണ് തന്റെ മാതാവാണ് ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത് എന്ന് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളന്വേഷിക്കാൻ ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരാണ് സുറയ്യാ തയാബ്ജി?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാം പ്രസിഡണ്ടായ അബ്ബാസ് തയാബ്ജിയുടെ പേര മകളാണ് സുറയ്യാ തയാബ്ജി. ഹൈദരാബാദിലെ അറിയപ്പെടുന്ന ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച സുറയ്യ അക്കാലത്തെ പ്രസിദ്ധയായ ചിത്രകാരി കൂടെയായിരുന്നു.
ചരിത്രകാരന്മാരുടെ അഭിപ്രായങ്ങൾ
സുറയ്യാ തയാബ്ജിയാണോ ഇന്ത്യൻ പതാക രൂപകൽപന ചെയ്തത്? ചരിത്രകാരൻമാർക്കിടയിൽ ഈ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എൻ.ജി.ഒ ആയ ഫ്ലാഗ് ഫൗണ്ടേഷൻ കമ്മറ്റിയുടെ ഗവേഷണങ്ങൾ പറയുന്നത് പതാക രൂപകൽപന ചെയ്തത് സുറയ്യാ തയാബ്ജിയാണെന്നാണ്. ഹൈദരാബാദിലെ പ്രസിദ്ധ ചരിത്രകാരൻ ക്യാപ്റ്റൻ പാണ്ഡൂരംഗ റെഡ്ഡിക്കും സമാനാഭിപ്രായമാണുള്ളത്.
എന്നാല്‍ പ്രസിദ്ധ ചരിത്രകാരൻ ഇർഫാൻ ഹബീബ് പറയുന്നത് കൃത്യമായ ചരിത്ര തെളിവുകൾ ഈ വിഷയത്തിൽ ഇല്ലാത്തിനാല്‍ ആരാണ് ഇന്ത്യന്‍ പതാക രൂപകല്‍പ്പന ചെയ്തത് എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ്
വസ്തുത
1947 ആഗസ്റ്റ് 14 ന് ഫ്ലാഗ് പ്രസന്റേഷൻ കമ്മറ്റിയിൽ സുറയ്യാ തയാബ്ജിയുടെ പേരുണ്ട് എന്നാണ് പാർലമെന്ററി ആർക്കൈവുകൾ പറയുന്നത്. എന്നാൽ ഇത് പതാക രൂപകൽപ്പന ചെയ്തത് തയാബ്ജിയാണ് എന്നതിന് തെളിവല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾക്കൊന്നും കൃത്യമായ ചരിത്ര തെളിവുകളുടെ പിൻബലമില്ല.