മന്ത്രിസ്ഥാനം ലഭിച്ചില്ല: ഷിൻഡെ ശിവസേനയിൽ നിന്ന് രാജിവെച്ച് എംഎൽഎ നരേന്ദ്ര ബോന്ദേക്കർ
ശിവസേനയുടെ ഉപനേതാവും വിദർഭയിലെ പാർട്ടി കോ-ഓർഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കർ
മുംബൈ: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയിൽ നിന്ന് രാജിവെച്ച് ഭംടാര- പവനി എംഎൽഎ.
നരേന്ദ്ര ബോന്ദേക്കറാണ് പാർട്ടിയിലെ മുഴുവൻ പദവികളും ഒഴിഞ്ഞത്. അതേസമയം നിയമസഭാ അംഗത്വം അദ്ദേഹം രാജിവെച്ചിട്ടില്ല. ശിവസേനയുടെ ഉപനേതാവും വിദർഭയിലെ പാർട്ടി കോ-ഓർഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കർ.
വിദർഭ മേഖലയില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണ സഖ്യമായ മഹായുതി 62 സീറ്റുകളിൽ 47 സീറ്റുകളും സ്വന്തമാക്കിയിരുന്നു. മൂന്ന് തവണ എംഎൽഎയായ ബോന്ദേക്കറിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തെ വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുസംബന്ധിച്ച് ഏകനാഥ് ഷിൻഡെ, മുതിർന്ന നേതാക്കളായ ഉദയ് സാമന്ത്, ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ എന്നിവർക്ക് കത്തയച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്നാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതില്‍, ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ പുതിയ മന്ത്രിസഭയിൽ, ഉദയ് സാമന്തിന് മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തു.
39 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നവിസ് സര്‍ക്കാര്‍ വിപുലീകരിച്ചത്. ഇന്നലെയായിരുന്നു സത്യപ്രതിജ്ഞ. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്. പരമാവധി 43 മന്ത്രിമാരെയാണ് മഹാരാഷ്ട്രയില്‍ ഉള്‍ക്കൊള്ളിക്കാനാകുക. സത്യപ്രതിജ്ഞ ചെയ്ത 39 പേരും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും അടക്കം ഫഡ്‌നവിസ് സര്‍ക്കാരില്‍ ഇതോടെ 42 പേരായി.
ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു. ബിജെപിക്കാണ് ഏറ്റവും കൂടുതൽ മന്ത്രിമാർ. 19 പേരാണ് ബിജെപിക്കുള്ളത്. ശിവസേന പതിനൊന്ന്, എൻസിപി ഒമ്പത് എന്നിങ്ങനെയാണ് മറ്റു മന്ത്രിമാർ.