ബംഗാളിന് അമിത് ഷാ നൽകിയ 'ടാർഗറ്റ്' ഒരു കോടി; അംഗത്വ കാംപയിനിൽ കാൽ ശതമാനം പോലും നേടാനാകാതെ വിയർത്ത് ബിജെപി

സെൻട്രൽ കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കാംപയിൻ അവലോകന യോഗത്തില്‍നിന്ന് നിരവധി എംഎൽഎമാർ വിട്ടുനിന്നതായി റിപ്പോർട്ടുണ്ട്

Update: 2024-12-16 05:56 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അംഗത്വ കാംപയിനിന് നനഞ്ഞ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന നേതാവുമായ അമിത് ഷാ സംസ്ഥാന ഘടകത്തിന് നിശ്ചയിച്ച ലക്ഷ്യത്തിന്റെ കാൽശതമാനം പോലും ഇതുവരെയും പൂർത്തീകരിക്കാനായിട്ടില്ല. ഇതേതുടർന്ന് ഡിസംബർ 31 വരെ കാംപയിൻ നീട്ടിയിരിക്കുകയാണു സംസ്ഥാന ഘടകം.

ഒരു കോടി പേരെ പാർട്ടിയിൽ അംഗങ്ങളായി ചേർക്കണമെന്നായിരുന്നു അമിത് ഷാ ബംഗാൾ ഘടകത്തിനു നൽകിയ നിർദേശം. എന്നാൽ, കാംപയിൻ കാലാവധി അവസാനിക്കുമ്പോൾ 24 ലക്ഷം പേരെയാണു ചേർക്കാനായത്. ഇതേതുടർന്നാണ് കാംപയിൻ കാലയളവ് നീട്ടുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദാർ പ്രഖ്യാപിച്ചത്. ഡിസംബർ കഴിഞ്ഞ് നീട്ടുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ആദ്യത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ ബംഗാളിലെത്തി പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന ഘടകത്തിന്റെ ചുമതല വഹിക്കുന്ന ബൻസാൽ അംഗത്വ കാംപയിൻ മന്ദഗതിയിലായതിൽ അതൃപ്തി രേഖപ്പെടുത്തിയതായാണു വിവരമെന്ന് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 27നാണ് 'സദസ്യത അഭിയാൻ' എന്ന പേരിൽ അമിത് ഷാ ബംഗാളിൽ ബിജെപി അംഗത്വ കാംപയിൻ ഉദ്ഘാടനം ചെയ്തത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രവർത്തിക്കാനാണ് അദ്ദേഹം ബംഗാൾ ഘടകത്തിനു നിർദേശം നൽകിയിരുന്നത്. ഇതിന്റെ ഭാഗമായി അംഗങ്ങളുടെ എണ്ണം ഒരു കോടിയാക്കണമെന്നും നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ പാർട്ടി എംപിമാർക്കും എംഎൽഎമാർക്കും ഭാരവാഹികൾക്കുമെല്ലാം വെവ്വേറെ ടാർഗറ്റുകൾ നൽകിയിട്ടുണ്ട്.

ദിവസങ്ങൾക്കുമുൻപ് സെൻട്രൽ കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ കാംപയിൻ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്ത എംഎൽഎമാർക്കെതിരെ വൻ വിമർശനമുയർന്നു. ലക്ഷ്യം പൂർത്തീകരിക്കാനായി പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനും ആലോചന നടന്നു. അതേസമയം, നിരവധി എംഎൽഎമാർ യോഗത്തിനെത്തിയിരുന്നില്ലെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൗറ, ഹൂഗ്ലി, നാദിയ, ജാർഗ്രാം, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് ഉൾപ്പെടെയുള്ള ജില്ലകളിലൊന്നും കാംപയിനിന് ഒരിളക്കവുമുണ്ടാക്കാനായിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരക്കുകളിൽ പെട്ടതുകൊണ്ടാണ് അംഗത്വ കാംപയിനിൽ ശ്രദ്ധിക്കാനാകാതിരുന്നതെന്ന് കല്യാണിയിലെ ബിജെപി എംഎൽഎ അംബിക റോയ് പറഞ്ഞു. ആർജി കർ അടക്കമുള്ള വിഷയങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് കാംപയിൻ മന്ദഗതിയിലായതെന്നുമാണ് ബിജെപി മഹിള മോർച്ച സംസ്ഥാന അധ്യക്ഷയും ബിജെപി എംഎൽഎയുമായ അഗ്നിമിത്ര പോൾ പ്രതികരിച്ചത്.

അതേസമയം, പുറത്തുവരുന്ന വാർത്തകൾ നിഷേധിച്ച് കാംപയിൻ ചുമതല വഹിക്കുന്ന ബിജെപി എംപി സമിക് ഭട്ടാചാര്യ രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളിൽ ഒരു വസ്തുതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും പ്രസിഡന്റ് സുകന്തയ്ക്കും മാത്രമേ യഥാർഥ കണക്ക് അറിയൂ. നിശ്ചയിക്കപ്പെട്ട ടാർഗറ്റ് എന്തു വിലകൊടുത്തും പൂർത്തിയാക്കുമെന്നും സമിക് വ്യക്തമാക്കി.

അംഗത്വ കാംപയിനിന് വൻ സ്വീകരണമാണു ലഭിച്ചതെന്ന് സുകന്ത മജുംദാർ പ്രതികരിച്ചു. പ്രത്യേകിച്ചും ദക്ഷിണ ബംഗാളിലെ നാദിയ, ഉത്തര ബംഗാളിലെ അലിപൂർദുവാർ, സൗത്ത് ദിനാജ്പൂർ എന്നിവിടങ്ങളിൽ വലിയ പ്രതികരണമുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, തൃണമൂൽ കോൺഗ്രസ് ഒരു മാസം നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് പാർട്ടി സ്ഥാപകദിനത്തിലാണു പരിപാടികൾക്കു തുടക്കമാകുക. എല്ലാ ബ്ലോക്കുകളിലും ചടങ്ങ് നടക്കും. ജനുവരി 12ന് സ്വാമി വിവേകാനന്ദന്റെയും 23ന് സുഭാഷ് ചന്ദ്രബോസിന്റെയും ജന്മദിനങ്ങളിലും ജനുവരി 30ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തിലും പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

Summary: The BJP's membership drive in West Bengal has received a lukewarm response as the state unit has not yet achieved even a quarter of the target set by Union Home Minister Amit Shah, BJP membership campaign

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News