തബല മാന്ത്രികൻ സാക്കിർ ഹുസൈന്‍ അന്തരിച്ചു
ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് യുഎസിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഡല്‍ഹി: വിഖ്യാത തബല മാന്ത്രികൻ ഉസ്താദ് സാക്കിർ അലി ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ചികിത്സയിലായിരുന്നു. മരണം കുടുംബം സ്ഥിരീകരിച്ചെന്ന് പിടിഐ അറിയിച്ചു.
ഇന്നലെ രാത്രിയോടെ അദ്ദേഹം മരിച്ചെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും കുടുംബം നിഷേധിച്ചിരുന്നു. ഇതോടെ വാർത്താ വിനിമയ മന്ത്രാലയം വാർത്ത പിൻവലിക്കുകയായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥന തുടരണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം സാൻഫ്രാൻസിസ്കോ ആശുപത്രിയിലാണെന്ന് അദ്ദേഹത്തിൻ്റെ മാനേജർ നിർമ്മല ബചാനി പറഞ്ഞു.
"എൻ്റെ സഹോദരൻ ഈ സമയത്ത് കടുത്ത രോഗാവസ്ഥയിലാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ എല്ലാ ആരാധകരോടും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഭാവന എന്ന നിലയിൽ, അദ്ദേഹത്തെ ഇങ്ങനെ അവസാനിപ്പിക്കരുത്." സക്കീർ ഹുസൈൻ്റെ സഹോദരി ഖുർഷിദ് ഔലിയ പിടിഐയോട് പറഞ്ഞു. "സക്കീറിൻ്റെ വിയോഗത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന എല്ലാ മാധ്യമങ്ങളോടും ഞാന്‍ അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്. ശ്വസിക്കാന്‍ പാടുപെടുകയാണ്. അദ്ദേഹം ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. മരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്കിലെ തെറ്റായ വിവരങ്ങള്‍ കാണുമ്പോൾ എനിക്ക് വളരെ വിഷമം തോന്നുന്നു" അവര്‍ കൂട്ടിച്ചേര്‍ത്തു.
സക്കീർ ഹുസൈൻ്റെ കുടുംബത്തിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മരണവാർത്തകൾക്കിടയിൽ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റുള്ളവരും തബല വിദ്വാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെയാണ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചെന്ന വാര്‍ത്ത വരുന്നത്. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരും രാജ്യത്തെ നിരവധി പ്രമുഖ കല, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു.
1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചിരുന്നു. സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത് പിതാവും തബലിസ്റ്റുമായ അള്ളാ രഖാ ഖാനായിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് 'ദി ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടിയിട്ടുണ്ട്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്‍റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.