Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകൾ തിരികെ നൽകണമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ). ഇത് സംബന്ധിച്ച് പിഎംഎംഎൽ അംഗം റിസ്വാൻ ഖാദ്രി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി.
സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകൾ തിരികെ നൽകണമെന്നും അല്ലെങ്കിൽ ഫോട്ടോ കോപ്പികളോ ഡിജിറ്റൽ പകർപ്പുകളോ ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 1971ൽ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയിൽ ജവഹർലാൽ നെഹ്റു തന്നെയാണ് ഈ കത്തുകൾ ഏൽപ്പിച്ചത്. തുടർന്ന് 2008ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 51 പെട്ടികളിലാക്കിയാണ് സോണിയാ ഗാന്ധിക്ക് ഇവ കൈമാറിയിരുന്നത്. എഡ്വിൻ മൗണ്ട് ബാറ്റൺ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ, പത്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവൻ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയ പ്രമുഖരും നെഹ്റുവും തമ്മിലുള്ള കത്തിടപാടുകൾ ഈ ശേഖരത്തിലുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലും സോണിയാ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു. 'ഈ രേഖകൾ നെഹ്‌റു കുടുംബത്തിന് വ്യക്തിപരമായ പ്രാധാന്യം നൽകുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിലും ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ കത്തുകൾ പണ്ഡിതന്മാർക്കും ഗവേഷകർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' എന്ന് പിഎംഎംഎൽ അയച്ച കത്തിൽ പറയുന്നു.