ജയലളിത മുതൽ മുഹമ്മദ് ഫൈസൽ വരെ; രാഹുലിന് മുമ്പ് അയോഗ്യരായ ജനപ്രതിനിധികൾ
ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സേൻഗാറിന് സ്ഥാനം നഷ്ടമായത്
ന്യൂഡൽഹി: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ട് വർഷം തടവ് ശിക്ഷ നേരിട്ടതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലോകസഭാംഗത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ, ആ തിയ്യതി മുതൽ അയോഗ്യത നേരിടേണ്ടി വരും. ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പറ്റില്ല. രാഹുൽ ഗാന്ധിക്ക് മുമ്പ് പലർക്കും ഈ നിയമപ്രകാരം സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. അത്തരം ജനപ്രതിനിധികൾ ആരൊക്കെയെന്ന് കാണാം...
ലാലു പ്രസാദ് യാദവ്
ആർജെഡി അധ്യക്ഷനായ ലാലുപ്രസാദ് യാദവ് 2013 സെപ്തംബറിൽ കാലിത്തീറ്റ കുംഭകോണക്കേസിൽ പ്രതിയായതോടെയാണ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടത്. ബിഹാറിലെ സരണിൽനിന്നുള്ള എംപിയായിരുന്നു ലാലു.
ജയലളിത
എഐഡിഎംകെ തലവയായ ജെ. ജയലളിത തമിഴ്‌നാട് നിയമസഭാ അസംബ്ലിയിൽ നിന്നാണ് അയോഗ്യയാക്കപ്പെട്ടത്. 2014 സെപ്തംബറിലായിരുന്നു നടപടി. പരിധിയിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാലു വർഷം തടവിന് ശിക്ഷപ്പെട്ടതോയൊണ് അയോഗ്യത. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെയാണ് ജയലളിതക്കെതിരെ നടപടി സ്വീകരിക്കപ്പെട്ടത്. ഇതോടെ മുഖ്യമന്ത്രി പദവും രാജിവെക്കേണ്ടി വന്നു.
പി.പി. മുഹമ്മദ് ഫൈസൽ
എൻസിപിയുടെ പ്രതിനിധിയായി ലക്ഷദീപ് എംപിയായ പി.പി മുഹമ്മദ് ഫൈസൽ ഈയടുത്താണ് ലോകസഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടത്. 2023 ജനുവരിയിൽ വധശ്രമക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷക്കപ്പെട്ടതോടെയാണ് നടപടി. എന്നാൽ അദ്ദേഹത്തിന്റെ ശിക്ഷ കേരളാ ഹൈക്കോടതി തടഞ്ഞുവെച്ചു. അയോഗ്യത നീക്കിയുള്ള നോട്ടിഫിക്കേഷൻ ലോകസഭാ സെക്രട്ടറിയേറ്റ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
അസം ഖാൻ
2022 ഒക്‌ടോബറിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ഉത്തർപ്രദേശ് നിയമസഭയിൽനിന്ന് അയോഗ്യത നേരിടേണ്ടി വന്നു. 2019ലെ വിദ്വേഷ പ്രസംഗക്കേസിൽ മൂന്നു വർഷം തടവിന് ശിക്ഷപ്പെട്ടതോടെയാണ് അസം ഖാനം സ്ഥാനം നഷ്ടപ്പെട്ടത്. രാംപൂർ സദർ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയായിരുന്നു അദ്ദേഹം.
അനിൽ കുമാർ സാഹ്നി
ആർജെഡി എംഎൽഎയായ അനിൽ കുമാർ സാഹ്നി ബിഹാർ നിയമസഭയിൽനിന്ന് 2022 ഒക്‌ടോബറിലാണ് അയോഗ്യനായത്. തട്ടിപ്പ് കേസിൽ മൂന്നു വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് നടപടി നേരിട്ടത്. കുർഹാനി നിയമസഭാ മണ്ഡലത്തിൽനിന്നുള്ള അംഗമായിരുന്നു സാഹ്നി.
2012ൽ എയർഇന്ത്യയുടെ വ്യാജ ഇ-ടിക്കറ്റ് ഉപയോഗിച്ച് യാത്ര ബത്ത കൈക്കലാക്കിയതിനാണ് ഇയാൾ ശിക്ഷപ്പെട്ടത്. അന്ന് ജെ.ഡി.യു എംപിയായിരുന്ന സാഹ്നി തട്ടിപ്പിലൂടെ 23.71 കോടിയാണ് കയ്യിലാക്കിയത്.
വിക്രം സിംഗ് സൈനി
ഉത്തർ പ്രദേശിലെ ബിജെപി എംഎൽഎയായിരുന്ന വിക്രം സാഹ്നി 2022 ഒക്‌ടോബറിലാണ് അയോഗ്യനാക്കപ്പെട്ടത്. 2013ലെ മുസാഫർനഗർ കലാപക്കേസിൽ രണ്ട് വർഷം ശിക്ഷപ്പെട്ടതോടെയാണ് അയോഗ്യത. മുസാഫർനഗറിലെ ഖാത്തൗലിയിലെ എംഎൽഎയായിരുന്നു ഇയാൾ.
കുൽദീപ് സിംഗ് സേൻഗാർ
2020 ഫെബ്രുവരിയിലാണ് യു.പിയിലെ കുൽദീപ് സിംഗ് സേൻഗാർ അയോഗ്യനായത്. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് സ്ഥാനം നഷ്ടമായത്. ഉന്നാവോയിലെ ബാൻഗർമാവുവിലെ എംഎൽഎയായ ഇയാളെ നേരത്തെ ബിജെപി പുറത്താക്കിയിരുന്നു.
അബ്ദുല്ല അസം ഖാൻ
സമാജ് വാദി പാർട്ടി എംഎൽഎയായ അബ്ദുല്ല അസം ഖാൻ 2023 ഫെബ്രുവരിയിലാണ് യു.പി നിയമസഭയിൽ നിന്ന് പുറത്തായത്. 15 വർഷം മുമ്പുള്ള കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് അബ്ദുല്ല അയോഗ്യനായത്. രാംപൂർ ജില്ലയിലെ സൗറിൽനിന്നുള്ള അംഗമായിരുന്നു അദ്ദേഹം.
2007 ഡിസംബർ 31ന് രാംപൂരിലെ സിആർപിഎഫ് ക്യാമ്പ് ആക്രമണത്തെ തുടർന്ന് പൊലീസ് പരിശോധനക്കിടെ തടയപ്പെട്ടതിനെ തുടർന്ന് ധർണ നടത്തിയതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം.
ആനന്ദ് സിംഗ്
2022 ജൂലൈയിലാണ് ആർജെഡി എംഎൽഎയായ ആനന്ദ് സിംഗ് ബിഹാർ നിയമസഭയിൽ നിന്ന് പുറത്തായത്. വീട്ടിൽനിന്ന് ആയുധങ്ങളും വെടിമരുന്നും കണ്ടെത്തിയതിനെ തുടർന്നുള്ള കേസിലാണ് ശിക്ഷക്കപ്പെട്ടത്. പാറ്റ്‌ന ജില്ലയിലെ മൊകാമ എംഎൽഎയായിരുന്നു സിംഗ്.
രണ്ടു വർഷം തടവിന് ശിക്ഷിച്ചു, രാഹുലിന് എംപി സ്ഥാനം നഷ്ടം
ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.
വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നൽകിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷൻ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകേണ്ടത്.
മാനനഷ്ടക്കേസിൽ ശിക്ഷിച്ചതോടെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുകയായിരുന്നു. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.
2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.
Disqualified MPs and MLAs before Rahul Gandhi