വസ്ത്രം അലക്കുന്നതിനെച്ചൊല്ലി തർക്കം; സൈനികനെ ഡി.എം.കെ കൗൺസിലറും സംഘവും മര്‍ദിച്ചുകൊന്നു
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭാകരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വാട്ടർ ടാങ്കിന് സമീപം വസ്ത്രങ്ങൾ അലക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സൈനികനെ തല്ലിക്കൊന്നു. ഡിഎംകെ കൗൺസിലറും മറ്റുള്ളവരും ചേർന്നാണ് പ്രഭാകരനെ ( 33 ) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ഫെബ്രുവരി എട്ടിന് പോച്ചംപള്ളി പ്രദേശത്തെ ടാങ്കിന് സമീപം വസ്ത്രങ്ങൾ അലക്കുന്നതിനെ ചൊല്ലി പ്രഭാകരനും ഡിഎംകെ അംഗം ചിന്നസാമിയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം അലക്കാൻ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. ഇതിന് പിന്നാലെ അന്ന് രാത്രി കൗൺസിലറായ ചിന്നസാമിയും ഒമ്പത് പേരും പ്രഭാകരനെയും സഹോദരൻ പ്രഭുവിനെയും ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭാകരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സഹോദരൻ പ്രഭുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിന്നസാമിയുടെ മകൻ രാജപാണ്ടി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മുഖ്യപ്രതിയും കൗൺസിലറുമായ ചിന്നസ്വാമി ഒളിവിലാണ്. ഇവർക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയത്. ചിന്നസാമിക്കായി തിരച്ചിൽ തുടരുകയാണ്.