യുപി മദ്രസാ നിയമം ശരിവച്ച് സുപ്രിംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും കോടതി അറിയിച്ചു.

Update: 2024-11-05 08:41 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: യുപി മദ്രസാ നിയമത്തിന്‍റെ നിയമസാധുത ശരിവച്ച് സുപ്രിംകോടതി. നിയമത്തിനെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു ഉത്തരവ്.

2004ലെ ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ ആക്ടിന്റെ നിയമസാധുതയാണ് കോടതി ശരിവച്ചത്. മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

അതേസമയം, മദ്രസകൾക്ക് ഉന്നത ബിരുദങ്ങൾ നൽകാനുള്ള അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ നിയമത്തിന്റെ ലംഘനമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ആധുനിക വിദ്യാഭ്യാസത്തിനൊത്ത് മദ്രസകളുടെ നിലവാരം ഉയർത്തുന്നതിൽ യുപി സർക്കാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ മാർച്ചിൽ അലഹബാദ് ഹൈക്കോടതി യുപി മദ്രസാ നിയമം റദ്ദാക്കിയത്. ബാലാവകാശ നിയമത്തിനും മതേതരത്വ തത്വങ്ങൾക്കും വിരുദ്ധമാണെന്നും വിധിയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഏപ്രിലിൽ സുപ്രിംകോടതി വിധി സ്‌റ്റേ ചെയ്തു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ എട്ട് ഹരജികളാണ് സുപ്രിംകോടതിക്കു മുന്നിലുണ്ടായിരുന്നത്. മുസ്‌ലിം മതവിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഇടമാണ് മദ്രസകളെന്ന വസ്തുത പരിഗണിക്കാതെയായിരുന്നു ഹൈക്കോടതി വിധിയെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. മദ്രസാ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നു പറഞ്ഞ് സുപ്രിംകോടതി ഹൈക്കോടതി വിധിക്ക് സ്‌റ്റേ നൽകിയിരുന്നു. ഇതിലാണിപ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണ് നിയമമെന്നായിരുന്നു കേന്ദ്ര സർക്കാരും ദേശീയ ബാലാവകാശ കമ്മിഷനും നേരത്തെ വാദിച്ചിരുന്നത്.

Summary: Supreme Court upholds constitutional validity of UP Madarsa Act, sets aside Allahabad HC order

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News