'മദ്രസകൾ സ്ഥാപിക്കാനും നടത്താനും ന്യൂനപക്ഷങ്ങൾക്ക് അവകാശമുണ്ട്'; വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് സുപ്രിംകോടതി
മദ്രസകൾക്ക് ഉന്നത ബിരുദങ്ങൾ നൽകാനുള്ള അധികാരമില്ലെന്നും യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ നിയമത്തിന്റെ ലംഘനവുമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
ന്യൂഡൽഹി: സ്വന്തമായി മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനും ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാ അവകാശമുണ്ടെന്ന് സുപ്രിംകോടതി. മദ്രസകളുടെ പ്രാഥമികലക്ഷ്യം വിദ്യാഭ്യാസമാണെന്നും അവയുടെ നിലവാരം ഏകീകരിക്കാൻ വേണ്ടി തയാറാക്കിയതാണ് യുപി മദ്രസാ നിയമമെന്നും കോടതി പറഞ്ഞു. മാന്യമായ വരുമാന മാർഗം കണ്ടെത്താൻ ആവശ്യമായ യോഗ്യത മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഉറപ്പുനൽകുകയാണ് നിയമം ചെയ്യുന്നത്. വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
യുപി മദ്രസാ നിയമത്തിനെതിരായ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 21എ പ്രകാരമുള്ള വിദ്യാഭ്യാസാവകാശത്തെ ലംഘിക്കുന്നതാണ് മദ്രസാ നിയമം എന്ന് അലഹബാദ് ഹൈക്കോടതി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസാവകാശ നിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ല. മത-മതേതര വിദ്യാഭ്യാസം നൽകാനായി മദ്രസകൾ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശം ഭരണഘടനയുടെ 30-ാം വകുപ്പ് ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്നുണ്ട്. ഈ മദ്രസകളുടെ നിലവാരം നിശ്ചയിക്കാനുള്ള അധികാരം ബോർഡിനും സംസ്ഥാന സർക്കാരിനുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മതപരമായ നിർദേശങ്ങൾ പഠിപ്പിക്കുമ്പോഴും വിദ്യാഭ്യാസം തന്നെയാണ് മദ്രസകളുടെ പ്രാഥമികലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു. നിയന്ത്രണം കൊണ്ടുവരാനിരിക്കുന്നത് മതാധ്യാപനങ്ങൾക്കാണ് എന്നതുകൊണ്ട് അത് സംസ്ഥാനത്തിന്റെ അധികാരപരിധിയിൽനിന്നു മാറില്ല. എന്നാൽ, ബോർഡ് അംഗീകരിക്കുകയോ സർക്കാർ സഹായം നൽകുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ മതവിദ്യാഭ്യാസ നിർവഹിക്കാൻ വേണ്ടി കുട്ടികളെ നിർബന്ധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.
'മദ്രസകളിൽ നിർദേശിക്കപ്പെടുന്ന വിദ്യാഭ്യാസ നിലവാരം ഏകീകരിക്കുകയാണ് നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. മദ്രസകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിയമം ഇടപെടുന്നില്ല. ഉത്തർപ്രദേശിലെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി തയാറാക്കിയതാണിത്. വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിച്ചു മാന്യമായ ജോലി നേടാൻ പറ്റിയ സാഹചര്യവും യോഗ്യതയും വിദ്യാർഥികൾക്ക് ഉറപ്പാക്കുക എന്ന ഭരണകൂടത്തിന്റെ ബാധ്യതയുടെ ഭാഗം കൂടിയാണിത്.
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് അവകാശം നൽകുന്ന 21 എ എന്ന ഭരണഘടനാ വകുപ്പിനെ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനുമുള്ള മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശവുമായി യോജിച്ചുവേണം വായിക്കാൻ. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവം തകർക്കാതെ തന്നെ ആവശ്യമായ മതേതര വിദ്യാഭ്യാസം നൽകാൻ വേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും വേണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ബന്ധപ്പെട്ട ബോർഡിനു നടപ്പാക്കാം.'-കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, മദ്രസകൾക്ക് ഉന്നത ബിരുദങ്ങൾ നൽകാനുള്ള അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 'ഫാസിൽ', 'കാമിൽ' എന്നിങ്ങനെയുള്ള ബിരുദങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടു മദ്രസാ നിയമത്തിലെ വകുപ്പുകൾ ഭരണഘടനാവിരുദ്ധവും യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ നിയമത്തിന്റെ ലംഘനവുമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ആധുനിക വിദ്യാഭ്യാസത്തിനൊത്ത് മദ്രസകളുടെ നിലവാരം ഉയർത്തുന്നതിൽ യുപി സർക്കാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2004ലെ ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ ആക്ടിന്റെ നിയമസാധുതയാണ് കോടതി ഇന്നു ശരിവച്ചത്. മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.
ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ മാർച്ചിൽ അലഹബാദ് ഹൈക്കോടതി യുപി മദ്രസാ നിയമം റദ്ദാക്കിയത്. ബാലാവകാശ, വിദ്യാഭ്യാസ അവകാശ നിയമത്തിനും മതേതരത്വ തത്വങ്ങൾക്കും വിരുദ്ധമാണെന്നും വിധിയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഏപ്രിലിൽ സുപ്രിംകോടതി വിധി സ്റ്റേ ചെയ്തു.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ എട്ട് ഹരജികളാണ് സുപ്രിംകോടതിക്കു മുന്നിലുണ്ടായിരുന്നത്. മുസ്ലിം മതവിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഇടമാണ് മദ്രസകളെന്ന വസ്തുത പരിഗണിക്കാതെയായിരുന്നു ഹൈക്കോടതി വിധിയെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണ് നിയമമെന്നായിരുന്നു കേന്ദ്ര സർക്കാരും ദേശീയ ബാലാവകാശ കമ്മിഷനും നേരത്തെ വാദിച്ചിരുന്നത്. മദ്രസാ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതി നേരത്ത ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.
Summary: Right to Education Act does not apply to minority educational institutions, religious minority have constitutional right to establish and administer Madarsas to impart religious and secular education: Supreme Court