എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; ഭൂമി ഏറ്റെടുക്കലിൽ സുപ്രിം കോടതിയുടെ നിര്‍ണായക വിധി
സുപ്രിം കോടതിയുടെ 9 അംഗ ഭരണഘടന ബെഞ്ച് ആണ് ഉത്തരവിട്ടത്
ഡല്‍ഹി: എല്ലാ സ്വകാര്യ സ്വത്തുക്കൾ പൊതുനന്മക്കായി ഏറ്റെടുക്കാനാകില്ലെന്ന് സുപ്രിം കോടതി. സ്വകാര്യ സ്വത്തുക്കൾ പൊതു നന്മയ്ക്കായി ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ വിധിയെ പുനർ വ്യാഖ്യാനം ചെയ്താണ് പുതിയ വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് തീരുമാനം.
വ്യക്തികളുടെ സ്വകാര്യ സ്വത്തുക്കള്‍ സമൂഹത്തിന്‍റെ ഭൗതിക വിഭവമായി കണക്കാക്കാനും അവ പൊതുനന്മയ്കുവേണ്ടി ഭരണകൂടത്തിന് ഏറ്റെടുക്കാനാകില്ല എന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. മുംബൈയിലെ പ്രോപ്പര്‍ട്ടി ഓണേഴ്സ് അസോസിയേഷന്‍ (പിഒഎ) അടക്കമുള്ളവർ സമർപ്പിച്ച 16 ഹരജികളിലാണ് സുപ്രിം കോടതിയുടെ പുതിയ വിധി. മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം വിഭവങ്ങള്‍ ഏറ്റെടുക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഉദാര സമ്പദ് ക്രമത്തിലേക്ക് രാജ്യം മാറി. 1991ലെ പരിഷ്‌കാരങ്ങള്‍ക്ക് ശേഷം സാമ്പത്തിക വ്യവസ്ഥയില്‍ അടിസ്ഥാന മാറ്റമുണ്ടായി. രാജ്യത്തിന്‍റെ സാമ്പത്തിക നയം തീരുമാനിക്കേണ്ട ചുമതല കോടതിക്കല്ല. സാമ്പത്തിക ജനാധിപത്യം സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് കോടതിയുടെ ചുമതലയെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 39(ബി), 31 സി എന്നിവ പ്രകാരം സ്വകാര്യ സ്വത്തുക്കള്‍ സർക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.