സനാതൻ ധർമ്മമാണ് ഇന്ത്യയെ നയിക്കുന്നതെന്ന് തമിഴ്നാട് ഗവർണർ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി.എം.കെ

പരാമർശം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയെ നയിക്കുന്നത് സനാതന ധർമ്മമല്ല, ഇന്ത്യൻ ഭരണഘടനയാണെന്നും ഡി.എം.കെ

Update: 2022-06-13 07:41 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: ആയിരക്കണക്കിന് വർഷങ്ങളായി സനാതൻ ധർമ്മമാണ് ഇന്ത്യയെ നയിക്കുന്നതെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ പ്രസ്താവനക്കെതിരെ ഡി.എം.കെ. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡിഎംകെ ട്രഷററും മുൻ കേന്ദ്രമന്ത്രിയുമായ ടിആർ ബാലു ആവശ്യപ്പെട്ടു. ഈ പ്രസംഗത്തെ അപലപിക്കുന്നതായി ബാലു പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

അയ്യപ്പ ഭക്തിഗാനമായ 'ഹരിവരാസനം' 100-ാം വാർഷിക പരിപാടിയിലാണ് ആർ.എൻ രവി  സനാതൻ ധർമ്മത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. സനാതൻ ധർമ്മത്തെ മഹത്വവത്കരിച്ചും പെഷവാറിലെ ബോംബ് ആക്രമണത്തെ ന്യായീകരിച്ചുമാണ് ഗവർണർ ആർഎൻ രവി പ്രസംഗിച്ചത്.

യുഎസ് നടത്തിയ ബോംബാക്രമണത്തെത്തുടർന്ന് അഫ്ഗാൻ നഗരങ്ങളായ പെഷവാറും കാണ്ഡഹാറും തകർത്തതിനെ ന്യായീകരിച്ച ഗവർണറുടെ പരാമർശം രാജ്യത്ത് ആഭ്യന്തര കലാപത്തിന് കാരണമാകുമെന്നും  ഡി.എം.കെയുടെ പ്രസ്താവനയിൽ പറയുന്നു. സമാധാനം കാംക്ഷിക്കുന്ന തമിഴ്നാട്ടിൽ ഗവർണറുടെ പ്രസ്താവന ശക്തമായ സംശയങ്ങളും ഭയവും സൃഷ്ടിച്ചിട്ടുണ്ടെന്നും മുൻ കേന്ദ്രമന്ത്രി ആരോപിച്ചു. ഇന്ത്യയെ നയിക്കുന്നത് സനാതന ധർമ്മമല്ല, ഇന്ത്യൻ ഭരണഘടനയാണ്. മനു ധർമ്മമല്ല ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നത്. ഗവർണർ തന്റെ അഭിപ്രായങ്ങൾ പിൻവലിക്കണമെന്നും ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഗവർണറുടെ ഇത്തരത്തിലുള്ള പ്രസ്താവന പദവിക്ക് യോജിച്ചതല്ലെന്നും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ അപലപിക്കുന്നതായും വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ)  അധ്യക്ഷൻ തോൽ തിരുമാവളവനും പ്രതികരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News