സ്റ്റോക്ക് മാർക്കറ്റ് ആപ്പിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിച്ചു; ഡോക്ടർക്ക് നഷ്ടമായത് ഏഴരലക്ഷം രൂപ
വൈകിട്ട് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് രണ്ട് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലായി പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്
മുംബൈ: സ്റ്റോക്ക് മാർക്കറ്റ് ആപ്പിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിച്ച ഡോക്ടർക്ക് ഏഴര ലക്ഷം രൂപ നഷ്ടമായി.മുംബൈയിലെ ജുഹുവിലാണ് സംഭവം. മുംബൈയിലെ അന്ധേരിയിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ മൊബൈൽ ആപ്ലിക്കേഷനിൽ തന്റെ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിച്ചു.എന്നാൽ അതിന് സാധിക്കാതെ വന്നപ്പോൾ ആപ്പിന്റെ കസ്റ്റമർ കെയർ വിഭാഗത്തിന്റെ നമ്പർ ഗൂഗിളിൽ തിരഞ്ഞ് വിളിച്ചു.
ആപ്പിന്റെ നോയിഡ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ദീപക് വർമ്മ എന്നൊരാളാണ് ഫോൺ കോൾ എടുത്തത്. തുടർന്ന് ഒരു ലിങ്ക് ഡോക്ടർക്ക് അയച്ചുകൊടുത്തെന്നും സൈബർ പൊലീസ് പറയുന്നു. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, സിവിവി നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും പൂരിപ്പിച്ചു നൽകാനും ആവശ്യപ്പെട്ടു. ഇതെല്ലാം ഡോക്ടർ പൂരിപ്പിച്ച് നൽകുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റാകുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. അതിനെക്കുറിച്ച് കസ്റ്റമയർ കെയർ എക്‌സിക്യൂട്ടീവെന്ന് പരിചയപ്പെടുത്തി വിളിച്ചയാളോട് പറഞ്ഞു. എന്നാൽ ഇത് ഇതിന്റെ ഭാഗമാണെന്നും ഡെബിറ്റ് ചെയ്ത തുക ഉടൻ തന്നെ അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നും അയാൾ പറഞ്ഞതായി പരാതിയിലുണ്ട്.
പിന്നീട് ഡോക്ടർ തന്റെ ജോലിയിൽ മുഴുകി. വൈകിട്ട് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് രണ്ട് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലായി 7.25 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകൾ നടന്നതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കസ്റ്റമർ സപ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ നിന്നെന്ന് വിളിച്ചയാൾ യഥാർത്ഥത്തിൽ ഒരു തട്ടിപ്പുകാരനാണെന്ന് മനസിലായതോടെ ഡോക്ടർ ജുഹു പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.