ഇത്ര ദേഷ്യം പാടില്ല, സ്‌നേഹത്തോടെ സംസാരിക്കൂവെന്ന് ഇടപെടല്‍; സഭാ അധ്യക്ഷ 'മോറൽ സയൻസ്' ടീച്ചറല്ലെന്ന് മഹുവ മൊയ്ത്ര

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തൃണമൂൽ എം.പി മഹുവ മൊയ്ത്ര

Update: 2022-02-04 13:17 GMT
Editor : Shaheer | By : Web Desk
Advertising

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ലോക്‌സഭാ പ്രസംഗത്തിൽ ഇടപെട്ട് സഭ നിയന്ത്രിച്ചുകൊണ്ടിരുന്ന പാനൽ അംഗം രമാ ദേവി. ഇത്ര ദേഷ്യം പാടില്ലെന്നായിരുന്നു രമാ ദേവിയുടെ ഉപദേശം. ലോക്‌സഭയിലെ മോറൽ സയൻസ് അധ്യാപികയല്ല രമാ ദേവിയെന്ന് ഇതിനോട് പ്രതികരിച്ച് മഹുവ മൊയ്ത്ര പിന്നീട് ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ. കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി പ്രസംഗം കത്തിക്കയറുമ്പോഴായിരുന്നു സഭ നിയന്ത്രിച്ച രമാ ദേവിയുടെ ഇടപെടൽ. ഇത്രയ്ക്ക് ദേഷ്യത്തോടെ പ്രസംഗിക്കരുതെന്നും സ്‌നേഹത്തോടെ സംസാരിക്കൂവെന്നും അവർ നിർദേശിച്ചു.

എന്നാൽ, ഇതോടെ ഹിന്ദി കവി റാംധാരി സിങ് ദിൻകറിന്റെ വരികൾ കടമെടുത്ത് മഹുവ പ്രസംഗം തുടർന്നു. അധികാരക്കണ്ണാടി പിന്നിൽ തിളങ്ങിയാലേ ലോകം സഹിഷ്ണുതയെയും ക്ഷമാശീലത്തെയും കരുണയെയുമെല്ലാം ആരാധിക്കൂവെന്നായിരുന്നു കവിതാശകലങ്ങൾ.

എന്നിട്ട് സഭാ അധ്യക്ഷയുടെ വാക്കുകൾ മാനിക്കുന്നുവെന്ന് പറഞ്ഞ് മഹുവ പ്രസംഗം തുടരുകയായിരുന്നു. എന്നാൽ, പ്രസംഗം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുശേഷം ട്വിറ്ററിലൂടെയായിരുന്നു സഭാ അധ്യക്ഷയ്ക്കുള്ള മറുപടി. ദേഷ്യത്തോടെ വേണോ സ്‌നേഹത്തോടെ വേണോ താൻ സംസാരിക്കേണ്ടതെന്ന് തനിക്ക് ക്ലാസെടുക്കാൻ, (എന്റെ വിലപ്പെട്ട സമയം അപഹരിച്ച്) പ്രസംഗത്തിൽ ഇടപെടാൻ സഭാ അധ്യക്ഷ ആരാണെന്ന് മഹുവ ചോദിച്ചു. ഇതൊന്നും നിങ്ങളുടെ പണിയല്ല മാഡം. നിയമങ്ങളിലുള്ള തിരുത്തു മാത്രമേ നിങ്ങൾക്ക് നൽകാനാകൂ. ലോക്‌സഭയിലെ മോറൽ സയൻസ് അധ്യാപികയല്ല താങ്കളെന്നും മഹുവ ട്വീറ്റ് ചെയ്തു.

Summary: Told to speak with love and not anger by the chair in the Lok Sabha, TMC MP Mahua Moitra hit out against presiding officer Rama Devi, saying she is not the "moral science teacher for LS"

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News