'നവംബർ ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യ വിമാനം പറത്തരുത്'; ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി

'സിഖ്സ് ഫോർ ജസ്റ്റിസ്' എന്ന നിരോധിത സംഘടനയുടെ സ്ഥാപകനായ ഇയാൾ കഴിഞ്ഞവർഷവും സമാന ഭീഷണി സന്ദേശം ഇറക്കിയിരുന്നു.

Update: 2024-10-21 08:09 GMT
Advertising

ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത്‌ സിങ് പന്നൂനാണ് ഭീഷണി പുറപ്പെടുവിച്ചത്. സിഖ് വംശഹത്യയുടെ 40-ാം വാർഷിക സമയമായതിനാൽ നിശ്ചിത തീയതികളിൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഗുർപത്വന്ത്‌ സിങ് പന്നൂൻ പറഞ്ഞു. കാനഡ- യുഎസ് പൗരത്വമുള്ള പന്നൂൻ ഇതാദ്യമായല്ല ഭീഷണിയുമായി രം​ഗത്തെത്തുന്നത്.

'സിഖ്സ് ഫോർ ജസ്റ്റിസ്' എന്ന നിരോധിത സംഘടനയുടെ സ്ഥാപകനായ ഇയാൾ കഴിഞ്ഞവർഷവും സമാന ഭീഷണി സന്ദേശം ഇറക്കിയിരുന്നു. ഇന്ത്യയിലെ നിരവധി വിമാനക്കമ്പനികൾക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതിനിടയിലാണ് പന്നൂൻ്റെ പുതിയ ഭീഷണി. മറ്റൊരു സിഖ് നേതാവായ ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകം ഉൾപ്പെടെ രാജ്യത്തെ ഖാലിസ്ഥാനി ഘടകങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന കാനഡയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കെയാണ് ഇത്തരമൊരു ഭീഷണിയെന്നതും ശ്രദ്ധേയമാണ്.

2023 നവംബറിൽ, ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പേര് മാറ്റുമെന്നും നവംബർ 19ന് അടച്ചിടുമെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ പന്നൂൻ പുറത്തിറക്കിയിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, മതത്തിൻ്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, യുഎപിഎ പ്രകാരമുള്ള വിവിധ കുറ്റകൃത്യങ്ങൾ എന്നിവ എൻഐഎ ചുമത്തിയിട്ടുണ്ട്.

തന്നെ കൊല്ലാൻ ഗൂഢാലോചനയുണ്ടായെന്നും അത് പരാജയപ്പെട്ടെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്ന് ഡിസംബർ 13നോ അതിനുമുമ്പോ പാർലമെൻ്റ് ആക്രമിക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. 2001ലെ പാർലമെൻ്റ് ആക്രമണത്തിൻ്റെ വാർഷികമാണ് ഡിസംബർ 13. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവിനെയും വധിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

ഗുണ്ടാസംഘങ്ങൾ ഒന്നിച്ച് ജനുവരി 26ന് മന്നിനു നേരെ ആക്രമണം നടത്തണമെന്നും പന്നൂൻ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക പരമാധികാര സിഖ് രാഷ്ട്രത്തിനായി വാദിക്കുന്ന എസ്എഫ്‌ജെയുടെ മേധാവിയെന്ന നിലയിൽ രാജ്യദ്രോഹവും വിഘടനവാദവും ആരോപിച്ച് പന്നൂനെ 2020 ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. 2019ൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ചൂണ്ടിക്കാട്ടി എസ്എഫ്‌ജെയെ ഇന്ത്യ നിരോധിക്കുകയും ചെയ്തിരുന്നു.

ഒക്‌ടോബർ 17ന്, പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് ഇന്ത്യയുടെ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിൻ്റെ (റോ) മുൻ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തിയിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ഇന്ത്യ അറിയിച്ചത്.

ഏറെ കോളിളക്കം സൃഷ്ടിച്ച ഹർദീപ് സിങ് നിജ്ജാർ വധം നടന്നത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന ആരോപണവുമായി ഈയടുത്ത് കാനഡ രം​ഗത്തെത്തിയിരുന്നു. നിരവധി സിഖ് വിഘടനവാദി നേതാക്കളെ വധിക്കാൻ കേന്ദ്രം ആസൂത്രണം ചെയ്യുന്നുവെന്നും ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിനെയാണ് കൃത്യം നിർവഹിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും കാനഡ പറഞ്ഞതായാണ് 'വാഷിങ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെ ഇന്ത്യയും കാനഡയും നയ​തന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയിരുന്നു. ആക്ടിങ് ഹൈകമ്മീഷണർ അടക്കം ആറുപേരെയാണ് ഇന്ത്യ പുറത്താക്കിയത്. കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷണർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു. ഹൈക്കമ്മീഷണർ അടക്കം ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡയും അറിയിച്ചു. ഇന്ത്യ ഇവരെ തിരിച്ചുവിളിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ നടപടി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News