'ഹരജി ലിസ്റ്റ് ചെയ്യും, ദയവായി ഒരേ കാര്യം വീണ്ടും വീണ്ടും പരാമർശിക്കരുത്': ബില്‍ക്കിസ് ബാനു കേസില്‍ ചീഫ് ജസ്റ്റിസ്
ജീവപര്യന്തം തടവുശിക്ഷയ്ക്കെിടെ 11 പേരെ വിട്ടയച്ചതിനെ ചോദ്യംചെയ്താണ് ബില്‍ക്കിസ് ബാനു സുപ്രിംകോടതിയെ സമീപിച്ചത്.
ഡല്‍ഹി: ബിൽക്കിസ് ബാനു കേസ് നിരന്തരം പരാമർശിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഹരജി ലിസ്റ്റ് ചെയ്യുമെന്നും ദയവായി ഒരേ കാര്യം വീണ്ടും വീണ്ടും പരാമർശിക്കരുതെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ 11 പേരെ വിട്ടയച്ചതിനെ ചോദ്യംചെയ്താണ് ബില്‍ക്കിസ് ബാനു സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ബേല ത്രിവേദി കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇതോടെ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ബില്‍ക്കിസ് ബാനുവിന്‍റെ അഭിഭാഷക ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിനോട് അപേക്ഷിച്ചു.
"ഹരജി ലിസ്റ്റ് ചെയ്യും. ദയവായി ഒരേ കാര്യം വീണ്ടും വീണ്ടും പരാമർശിക്കരുത്. ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു"- എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ഗുജറാത്ത് സർക്കാർ ആഗസ്ത് 15നാണ് പ്രതികളെ മോചിപ്പിച്ചത്. കേന്ദ്രത്തിന്‍റെ അംഗീകാരമുണ്ടെന്നും പ്രതികളുടെ നല്ലനടപ്പ് പരിഗണിച്ചാണ് മോചിപ്പിച്ചതെന്നുമായിരുന്നു വാദം. കേസിന്‍റെ വിചാരണ നടന്ന മഹാരാഷ്ട്രയാണ് പ്രതികളെ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ബിൽക്കിസ് ബാനു ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ബില്‍ക്കിസ് ബാനുവിന്‍റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്തു. സി.ബി.ഐ അന്വേഷിച്ച കേസിന്‍റെ വിചാരണ സുപ്രിംകോടതി മഹാരാഷ്ട്ര കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2008ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇവരുടെ ശിക്ഷ ബോംബെ ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെയ്ക്കുകയും ചെയ്തു.