സുപ്രിംകോടതി എന്നെ ശിക്ഷിച്ചതായി കരുതുന്നില്ല: മഹാരാഷ്ട്ര മുന്‍ഗവര്‍ണര്‍
ശിവസേനയിലെ അധികാരത്തർക്കത്തിൽ ഗവർണർ സ്വീകരിച്ച നിലപാട് ചട്ടവിരുദ്ധമാണെന്ന സുപ്രിംകോടതി വിധിയോട് പ്രതികരിച്ച് ഭഗത് സിങ് കോഷിയാരി
മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന സുപ്രിംകോടതി വിധിയില്‍ പ്രതികരിച്ച് അന്നത്തെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. കോടതി തന്നെ ശിക്ഷിച്ചതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 2019 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്നു ആര്‍.എസ്.എസ് നേതാവായ കോഷിയാരി.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ശിവസേനയിലെ ആഭ്യന്തര തര്‍ക്കത്തിനു പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഉദ്ധവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ശിവസേനയിലെ അധികാരത്തർക്കത്തിൽ ഗവർണർ സ്വീകരിച്ച നിലപാട് ചട്ടവിരുദ്ധമാണെന്ന് സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചു. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെടുപ്പിന് നിർദേശിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നൽകാത്ത അധികാരമാണ് ഗവർണർ ഉപയോഗിച്ചത്. രാജിവെച്ചില്ലായിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിച്ചേനെ. അതേസമയം മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ തുടരുന്ന വിഷയത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇടപെട്ടില്ല. ശിവസേനയിലെ പിളർപ്പിനെ തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികളിലാണ് കോടതിയുടെ വിധി.
തനിക്ക് സുപ്രിംകോടതിയോട് വലിയ ബഹുമാനമുണ്ടെന്നും കോടതി തന്നെ ശിക്ഷിച്ചതായി കരുതുന്നില്ലെന്നും ഭഗത് സിങ് കോഷിയാരി പറഞ്ഞു. താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്റെ തകർച്ചയ്ക്കും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ പുതിയ സർക്കാർ രൂപീകരണത്തിനും കാരണമായ തന്റെ തീരുമാനത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചില്ല- “ഞാൻ ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കോടതി ഗവർണർക്ക് ഒരു ശിക്ഷയും നൽകിയതായി ഞാൻ കരുതുന്നില്ല. ശിക്ഷ നൽകിയിരുന്നെങ്കിൽ ഞാൻ അപ്പീൽ നൽകുമായിരുന്നു"- ഭഗത് സിങ് കോഷിയാരി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആ സമയത്ത് ശരിയെന്ന് തോന്നിയതാണ് താൻ ചെയ്തതെന്നും സുപ്രിംകോടതി വിധിയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും ജോലിയാണെന്നും മുന്‍ ഗവര്‍ണര്‍ പറഞ്ഞു. സുപ്രിംകോടതിക്ക് അഭിപ്രായം പറയാൻ എല്ലാ അവകാശവുമുണ്ട്, അത് മാനിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ഉദ്ധവ് താക്കറെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നു തെളിയിക്കാനുള്ള ഒരു രേഖയും മുന്നിൽ ഇല്ലാതെയാണ് ഗവർണർ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകിയതെന്ന് സുപ്രിംകോടതി വിലയിരുത്തി. ശിവസേനയിലെ ആഭ്യന്തര തർക്കം വിശ്വാസ വോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നു. ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിന് ആരും പിന്തുണ പിന്‍വലിച്ചിട്ടുണ്ടായിരുന്നില്ല. പ്രതിപക്ഷമായ ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടതുമില്ല. എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയതെന്ന് സുപ്രിംകോടതി ചോദിച്ചു.
ഉദ്ധവ് താക്കറെ നയിച്ച ശിവസേനയിൽ നിന്നും വേർപെട്ടുപോയ ഏക്നാഥ് ഷിൻഡെ വിഭാഗം വിപ്പ് നൽകിയത് നിയമ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. അവിശ്വാസ നോട്ടീസിന്റെ നിഴലിൽ നിൽക്കുന്ന സ്പീക്കർക്ക് സാമാജികരുടെ അയോഗ്യതയിൽ തീരുമാനം എടുക്കാൻ കഴിയുമോ എന്ന ചോദ്യം പരിഗണിക്കാൻ ഏഴംഗ ബെഞ്ചിന് വിട്ടു. അയോഗ്യത നടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സാമാജികർക്ക് എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും. വിപ്പ് നൽകാനുള്ള അധികാരം ഭൂരിപക്ഷം അംഗങ്ങളുള്ള വിഭാഗത്തിനാണെന്ന ഷിൻഡെ പക്ഷത്തിന്റെ വാദം കോടതി തള്ളി. രാഷ്ട്രീയ പാർട്ടികൾക്കാണ് ഈ അവകാശമെന്നു കോടതി വ്യക്തമാക്കി.