ഗോധ്ര തീവെപ്പിനെക്കുറിച്ച് യു.സി ബാനർജി കമ്മീഷൻ എന്ത് പറയുന്നു?; എംപുരാൻ ബഹളങ്ങൾക്കിടയിൽ അറിയേണ്ടത്...
എംപുരാൻ റിലീസിനു പിന്നാലെ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ സൈബർ ആക്രമണം ശക്തമാവുകയും സിനിമയ്ക്കെതിരെ ബഹിഷ്കരണ ക്യാംപയിൻ നടക്കുകയും ചെയ്തിരിക്കെ ഗോധ്ര തീവെപ്പും യു.സി ബാനർജി കമ്മീഷൻ റിപ്പോർട്ടും വീണ്ടും ചർച്ചയാവുകയാണ്.


മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ എംപുരാൻ സിനിമയ്ക്കെതിരെ സംഘ്പരിവാർ സോഷ്യൽമീഡിയ ഹാൻഡിലുകളിൽനിന്ന് ആക്രമണം തുടരുകയാണ്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. ഗുജറാത്ത് കലാപം വെറുതെ ഉണ്ടായതല്ലെന്നും അതിനു മുമ്പ് 2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസിന് മുസ്‌ലിം തീവ്രവാദികൾ തീയിട്ട് 59 ഹിന്ദു തീർഥാടകരെ കൊന്നതാണ് അതിനു കാരണമെന്നും അത് മറച്ചുവയ്ക്കുകയാണ് എംപുരാൻ എന്നുമാണ് ഹിന്ദുത്വ അനുകൂലികളുടെ ഭാഷ്യം. എന്നാൽ യഥാക്രമം 2005ലും 2006ലും യു.സി ബാനർജി കമ്മീഷൻ സർപ്പിച്ച ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ഈ വാദങ്ങളെ തള്ളുന്നു.
എംപുരാൻ റിലീസിനു പിന്നാലെ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ സൈബർ ആക്രമണം ശക്തമാവുകയും സിനിമയ്ക്കെതിരെ ബഹിഷ്കരണ ക്യാംപയിൻ നടക്കുകയും ചെയ്തിരിക്കെ ഗോധ്ര തീവെപ്പും യു.സി ബാനർജി കമ്മീഷൻ റിപ്പോർട്ടും വീണ്ടും ചർച്ചയാവുകയാണ്.
ആരാണ് യു.സി ബാനർജി, എന്താണ് യു.സി ബാനർജി കമ്മീഷൻ?
2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് നിയമിച്ചതാണ് ജസ്റ്റിസ് ഉമേഷ് ചന്ദ്ര ബാനര്‍ജി കമ്മീഷൻ. 1937ൽ പ്രമുഖ ക്രിമിനൽ- ഭരണഘടനാ അഭിഭാഷകനായ നളിൻ ചന്ദ്ര ബാനർജിയുടെ മകനായി ജനിച്ച യു.സി ബാനർജി, 1965ൽ കൊൽക്കത്ത ഹൈക്കോടതിയിൽ ബാരിസ്റ്ററായാണ് തന്റെ ഔദ്യോഗിക കരിയർ ആരംഭിച്ചത്. 1984ൽ കൊൽക്കത്ത ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 1998 ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 1998 ഡിസംബറിൽ അദ്ദേഹം സുപ്രിംകോടതി ജഡ്ജിയായും നിയമിതനായി. 2002ൽ വിരമിച്ചു. സാർക്ക് നിയമത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും പിന്നീട് പ്രസിഡന്റുമായിരുന്നു അദ്ദേഹം.
കമ്മീഷന്റെ കണ്ടെത്തലുകൾ
2005 ജനുവരിയിൽ, ബാനർജി തന്റെ ഇടക്കാല റിപ്പോർട്ട് അവതരിപ്പിച്ചു. തീ പിടിച്ചത് തീവണ്ടിക്കുള്ളില്‍ നിന്ന് തന്നെയാണെന്നായിരുന്നു ബാനര്‍ജി കമ്മീഷന്റെ നിഗമനം. പുറത്തുനിന്നും അക്രമികള്‍ തീയിടാനുള്ള സാധ്യത തള്ളിക്കളഞ്ഞ റിപ്പോർട്ട്, തീപിടിത്തം ആകസ്മികമായി ഉണ്ടായതാണെന്നും മുസ്‌ലിം ജനക്കൂട്ടം ആരംഭിച്ചതല്ലെന്നും വ്യക്തമാക്കി. ഇരകൾക്ക് സംഭവിച്ച പരിക്കുകൾ ആന്തരിക തീപിടിത്തവുമായി മാത്രമേ പൊരുത്തപ്പെടുന്നുള്ളൂ എന്ന് സൂചിപ്പിക്കുന്ന ഫൊറൻസിക് റിപ്പോർട്ട് അദ്ദേഹം ഉദ്ധരിച്ചു. കര്‍സേവകര്‍ കൊണ്ടുവന്ന സ്റ്റൗവ്വില്‍ നിന്നായിരിക്കാം തീ പടര്‍ന്നതെന്നും ബാനര്‍ജി കമ്മീഷന്‍ നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ റെയിൽവേ കൈകാര്യം ചെയ്യുന്നതിനെയും റിപ്പോർട്ട് വിമർശിച്ചു. അപകടത്തെക്കുറിച്ച് നിയമപരമായ അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടതിനും റിപ്പോർട്ടിൽ റെയിൽവേയ്ക്ക് വിമർശനം ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതേത്തുടർന്ന് റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാനായില്ല. എന്നാൽ 2006ൽ സർപ്പിച്ച അന്തിമ റിപ്പോർട്ടിലും യുസി ബാനർജി കമ്മീഷൻ തന്റെ കണ്ടെത്തലുകളിൽ ഉറച്ചുനിന്നു. ഇടക്കാല റിപ്പോർട്ടിൽ താനുൾപ്പെടുത്തിയ കണ്ടെത്തലുകൾ തന്നെയാണ് അന്തിമ റിപ്പോർട്ടിലുണ്ടായിരുന്നതെന്നും സബർമതി എക്സ്പ്രസിലെ എസ്-6 കോച്ചിലുണ്ടായ തീപിടിത്തം ബോധപൂർവമുണ്ടാക്കിയതല്ല, ആകസ്മികമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസിൽ എന്ത് സംഭവിച്ചു?
2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര തീവെപ്പ് കേസിൽ 2002 ഫെബ്രുവരി 28ന് തീവെപ്പ്, കലാപം, കൊള്ള എന്നീ കുറ്റങ്ങൾ ചുമത്തി നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. 2002 മാർച്ച് 17ന്, മുഖ്യപ്രതിയെന്നാരോപിക്കപ്പെടുന്ന പ്രാദേശിക ടൗൺ കൗൺസിലറും കോൺഗ്രസ് പ്രവർത്തകനുമായ ഹാജി ബിലാലിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഗോദ്ര മുനിസിപ്പാലിറ്റി പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ കലോട്ടയെ ആ വർഷം മാർച്ചിൽ അറസ്റ്റ് ചെയ്തു. കോർപ്പറേറ്റർമാരായ അബ്ദുൽ റസാക്ക്, ഷിരാജ് അബ്ദുൽ ജമേഷ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
നൂറിലേറെ പേർ അറസ്റ്റിലായ കേസിൽ 63 പേരെ കോടതി വെറുതെവിട്ടു. അവശേഷിക്കുന്ന 31 പേരിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചു. പ്രതികൾ നൽകിയ അപ്പീൽ ഹരജി 2017 ഒക്ടോബറിൽ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
ഗോധ്ര തീവെപ്പും നരോദാപാട്യ കൂട്ടക്കൊലയും ഗുജറാത്ത് വംശഹത്യയും
1992 ഫ്രെബുവരി 27ന് ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ കോച്ചിന് തീപിടിച്ച് 59 ഹിന്ദു തീർഥാടകർ മരിക്കുന്നു. ബാബരി മസ്ജിദ് തകർത്തയിടത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അയോധ്യയില്‍ പോയി തിരിച്ചുവരികയായിരുന്ന വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരായിരുന്നു സബര്‍മതി എക്സ്പ്രസിന്റെ എസ്-6 ബോഗിയില്‍ ഉണ്ടായിരുന്നത്. അയോധ്യയില്‍ വിഎച്ച്പി ശ്രീരാമജന്മഭൂമി ക്ഷേത്രം നിര്‍മിക്കാനായി നടത്തിയ പൂര്‍ണാഹുതി മഹായജ്ഞത്തില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന കര്‍സേവകരായിരുന്നു ഇവർ.
പിറ്റേദിവസം സംസ്ഥാനത്ത് ബന്ദ് നടത്താൻ വിഎച്ച്പി ആഹ്വാനം ചെയ്തു. 28ന് രാവിലെ ഒമ്പതു മണിയോടെ, ബിജെപി- വിഎച്ച്പി പ്രവർത്തകരുടെ നേതൃത്വത്തില്‍ 5000ലേറെ വരുന്ന അക്രമികൾ നരോദ പാട്യ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടു. ഏറിയ പങ്കും സാധാരണക്കാരായ മുസ്‌ലിംകൾ താമസിക്കുന്ന സ്ഥലമായിരുന്നു നരോദ. ഗുല്‍ബര്‍ഗ് സൊസൈറ്റി എന്ന മുസ്‌ലിം ഹൗസിങ് കോളനി അക്രമികള്‍ തീവച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഇഹ്‌സാന്‍ ജെഫ്രി ഉള്‍പ്പെടെ 35 പേര്‍ വെന്തുമരിച്ചു. അഹമ്മദാബാദിന് അടുത്തുള്ള നരോദയില്‍ നടന്ന ഈ കൂട്ട വംശഹത്യയാണ് നരോദാ-പാട്യ കൂട്ടക്കൊല. 97 മുസ്‌ലിംകളാണ് കൊടുംക്രൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവമാണ് എംപുരാൻ സിനിമയിൽ ഓർമപ്പെടുത്തുന്നത്. തുടർന്ന് ഗുജറാത്തിലാകമാനം ഇത്തരം ആക്രമണങ്ങൾ അരങ്ങേറുകയും 1000ലേറെ മുസ്‌ലിംകൾ കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്തു. ഇതിൽ നിരവധി സ്ത്രീകളാണ് ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
ഗുജറാത്തിലെ 151ഓളം വരുന്ന നഗരങ്ങളെയും 993 ഗ്രാമങ്ങളേയും 16 ജില്ലകളേയും ഗുജറാത്ത് കലാപം ബാധിച്ചെന്നു കണക്കാക്കപ്പെടുന്നു. ഇതിൽ ആറു ജില്ലകളിൽ കലാപം ഭീകരമായി രീതിയിൽ ബാധിച്ചിരുന്നു. 28 ഫെബ്രുവരിയിൽ തുടങ്ങിയ ആക്രമണം ജൂൺ മധ്യത്തോടെയാണ് പൂർണമായും ശമിച്ചത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരും പൊലീസും അക്രമത്തിന് ഒത്താശ ചെയ്തു എന്ന് ആരോപണമുയർന്നു. മുസ്‌ലിംകളെ അക്രമികൾ ആക്രമിക്കുമ്പോൾ പൊലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴികൾ പറയുന്നു. പ്രതിപക്ഷ പാർട്ടികളും എൻഡിഎ സഖ്യകക്ഷികളും മോദിയെ മുഖ്യമന്ത്രി പദത്തിൽനിന്ന് നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.