ഡൽഹിയിൽ മുഗൾ രാജാക്കന്മാരുടെ പേരിലുള്ള റോഡുകളുടെ ബോർഡുകൾ വികൃതമാക്കി; പുതിയ പേരൊട്ടിച്ചു
ഷാജഹാൻ റോഡിനെ വീർ സവർക്കർ റോഡെന്നും അക്ബർ റോഡിനെ മഹർഷി വാൽമീകി റോഡെന്നും ആക്കി.


ന്യൂഡൽഹി: മുഗൾ രാജാക്കന്മാരുടെയും സുൽത്താനേറ്റ് ഭരണാധികാരികളുടേയും പേരിലുള്ള റോഡുകളുടെ പേരുകൾ മറച്ച് പുതിയ പേരുകൾ ഒട്ടിച്ച് ഭാരതീയ ബൗദ്ധ് സംഘ്. ലുട്ട്യൻസ് ഡൽഹിയിലെ വിവിധ റോഡുകളുടെ പേരുകളാണ് മറച്ചത്. ഷാജഹാൻ റോഡിനെ വീർ സവർക്കർ റോഡെന്നും അക്ബർ റോഡിനെ മഹർഷി വാൽമീകി റോഡെന്നും തുഗ്ലക്ക് ലെയിനിനെ അഹില്യ മാർഗ് എന്നും ഹൂമയൂൺ റോഡിനെ ബാലാസാഹേബ് താക്കറെ മാർഗ് എന്നുമാണ് പുനർനാമകരണം ചെയ്ത് വലിയ സ്റ്റിക്കർ ഒട്ടിച്ചത്.
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ (എൻഡിഎംസി) അധികാരപരിധിയിൽ വരുന്ന സൈൻബോർഡുകൾ കറുത്ത സ്പ്രേ പെയിന്റ് അടിച്ച് വികൃതാക്കിയതിനു പിന്നാലെയാണ് ഈ നടപടി. 'പൊതുവിടത്തിൽ നിന്നും മുഗൾ രാജാക്കന്മാരുടെ പേരുകൾ നീക്കം ചെയ്യാൻ തങ്ങൾ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെടുന്നു. കാരണം അവ അതിക്രമങ്ങളുടെ ചരിത്രത്തിന്റെ പ്രതീകങ്ങളാണ്. നമുക്ക് അത്തരം പേരുകൾ വേണ്ട'- ഭാരതീയ ബൗദ്ധ് സംഘ് പ്രസിഡന്റ് സംഘ്പ്രിയ രാഹുൽ പറഞ്ഞു.
മാർച്ച് 20ന് കശ്മീരി ഗേറ്റ് ഐഎസ്ബിടിയിലെ മഹാറാണ പ്രതാപിന്റെ പ്രതിമ നശിപ്പിച്ചെന്ന് ആരോപിച്ച് അജ്ഞാതരായ ചിലർ അക്ബർ റോഡിലെ സൈൻബോർഡ് വികൃതമാക്കിയിരുന്നു. കഴിഞ്ഞ മാസം അക്ബർ റോഡിലെയും ഹുമയൂൺ റോഡിലെയും സൈൻബോർഡുകൾ സ്പ്രേ പെയിന്റുപയോഗിച്ച് നശിപ്പിക്കുകയും ഛത്രപതി ശിവാജിയുടെ പോസ്റ്ററുകൾ അവയിൽ ഒട്ടിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ഡൽഹിയിലെ മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിന്റെ പേര് ശിവ വിഹാർ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎയും ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മോഹൻ സിങ് ബിഷ്ത് നിയസഭയിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഇത് സഭ നാളെ ചർച്ച ചെയ്യാനുള്ള വിഷയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
മുസ്തഫാബാദിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിഷ്ത്, എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് ശിവ പുരി എന്നോ ശിവ വിഹാർ എന്നോ പുനർനാമകരണം ചെയ്യുമെന്ന് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. 2020ൽ ദേശീയ തലസ്ഥാനത്ത് നടന്ന വർഗീയ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ്.
ബിഷ്തിന്റെ പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യപ്പെടുമെങ്കിലും, ഔദ്യോഗിക നാമമാറ്റത്തിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഢിന്റെ പേര് നഹർഗഢ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നീലം പഹൽവാൻ കഴിഞ്ഞമാസം രംഗത്തെത്തിയിരുന്നു. ഇതിനിടെ, ഡൽഹിയിലെ റോഡിന്റെ പേര് ബിജെപി എംപിയും മന്ത്രിയും സ്വന്തം ഇഷ്ടത്തിന് മാറ്റിയിരുന്നു. തുഗ്ലക്ക് ലെയ്നിന്റെ പേരാണ് മാറ്റിയത്.
കേന്ദ്ര സഹമന്ത്രി കിഷന്‍ പാല്‍ ഗുജറും രാജ്യസഭാ എംപി ദിനേശ് ശര്‍മയുമാണ് വീടിന് മുന്നിലെ റോഡിന്റെ പേര് മാറ്റിയെഴുതിയത്. ഔദ്യോഗിക വസതിക്ക് മുന്നില്‍ വീടിന്റെ പേര് വച്ച ബോര്‍ഡില്‍ തുഗ്ലക്ക് ലെയ്നിന് പകരം സ്വാമി വിവേകാനന്ദ മാര്‍ഗ് എന്ന് എഴുതിച്ചേർക്കുകയായിരുന്നു. ഇതു കൂടാതെ, മുഹമ്മദ്പുരിനെ മാധവ്പുരം എന്നാക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.