'സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്'; ധ്രുവ് റാഠി

ബിജെപിയുടെ ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെ നിരന്തരം പ്രതികരിക്കുന്ന യൂട്യൂബറാണ് ധ്രുവ് റാഠി

Update: 2024-06-04 16:41 GMT

ധ്രുവ് റാഠി

Advertising

 'സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്'. പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി അല്പം മുമ്പ് അദ്ദേഹത്തിന്റെ എക്‌സിൽ ഇങ്ങനെ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലും അതിനു മുമ്പും ഈ നാട്ടിലെ സാധാരണക്കാരുടെ ശബ്ദത്തെ മുഖ്യധാരയിലേക്കുകൊണ്ടു വന്ന യൂട്യൂബർ കൂടിയാണ് ധ്രുവ് റാഠി.

കേന്ദ്ര സർക്കാറിനെ പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന ഈ ചെറുപ്പക്കാരന്റെ വാക്കുകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാധാരണക്കാരുടെ നെഞ്ചിൽ കയറികൂടിയത്. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് മാറി ചിന്തിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അതിന്റെ തികഞ്ഞ പ്രതിഫലനംകൂടിയാണ് യുപിയിലുൾപ്പെടെ ബിജെപിക്ക് സംഭവിച്ച കാലിടർച്ച. കഴിഞ്ഞ പത്തു വർഷമായി ബിജെപി നടത്തികൊണ്ടിരിക്കുന്ന ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെ തന്റെ വീഡിയോകളിലൂടെ ധ്രുവ് പ്രതികരിച്ചിരുന്നു.

ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരിൽ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ അത് ചർച്ചയാവുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പ് പ്രഹസനമായി മാറാതിരിക്കാൻ ജനങ്ങൾ ശരിയായ തീരുമാനമെടുക്കാണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ രണ്ട് മാസം മുമ്പാണ് പുറത്തുവന്നത്. ബിജെപിയുടെ ഐ.ടി സെൽ പുറത്ത് വിടുന്ന നുണകൾ, ഇ,വി.എം തട്ടിപ്പ്, യോഗി ആദിത്യ നാഥും യാഥാർത്ഥ്യങ്ങളും, മോദി ഭരണത്തിന്റെ ദുരിതങ്ങൾ, തുടങ്ങിയ വീഡിയോകളെല്ലാം കേന്ദ്ര ഭരണക്കൂടത്തിന്റെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നവയായിരുന്നു. മണിപ്പൂരിലെ വർഗീയ കലാപത്തെകുറിച്ചുൾപ്പെടെയുള്ള ഇദ്ദേഹത്തിന്റെ വീഡിയോകളും ശ്രദ്ധേയമായിരുന്നു.

ബിഭവ് കുമാർ വിഷയത്തെ കുറിച്ചുള്ള ധ്രുവ് റാഠിയുടെ വീഡിയോ പുറത്തുവന്നതിന് ശേഷം തനിക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടിയെന്ന് ആരോപിച്ച് രാജ്യസഭാ എംപി സ്വാതി മാലിവാൾ രംഗത്തുവന്നതും ഏറെ ചർച്ചയായിരുന്നു.

ചുരുക്കത്തിൽ ബിജെപിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ഇൻഡ്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു ധ്രുവ് റാഠി.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News