യുപിയിൽ കൂടുതൽ സമയമില്ലാത്തതിൽ ആശങ്ക വേണ്ട, കൃത്യമായ പദ്ധതിയുണ്ട്: രാഹുൽ ഗാന്ധി

ഇന്ത്യയെ ഒരുമിപ്പിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയെന്നും ബി.ജെ.പിയെന്ന എ.ടി.എം മെഷീനെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും രാഹുൽഗാന്ധി

Update: 2022-09-22 09:24 GMT
Advertising

ഭാരത് ജോഡോ യാത്രയ്ക്ക്‌ ഉത്തർപ്രദേശിൽ കൂടുതൽ സമയമില്ലാത്തതിൽ ആശങ്ക വേണ്ടെന്നും അവിടെ എന്ത് ചെയ്യണമെന്ന് പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും രാഹുൽഗാന്ധി. യുപിയിൽ ജോഡോ യാത്ര ദൈർഘ്യം എന്തുകൊണ്ട് കുറഞ്ഞുവെന്നതിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. യാത്ര അതിന്റെ വഴി പരിഗണിച്ചാണ് പോകുന്നതെന്നും രാജ്യത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്തുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപ്രവർത്തകരുടെ മനസ്സ് ഭാരത് ജോഡോ യാത്രയ്ക്ക് ഒപ്പമാണെന്നും ധാരാളം ഇടതു പ്രവർത്തകർ തന്നെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഇടതു നേതാക്കൾ പോലും ഹൃദയം കൊണ്ട് കൂടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അവർക്ക് പ്രത്യക്ഷത്തിൽ രാഷ്ട്രീയമായി പിന്തുണയ്ക്കാൻ പ്രയാസം ഉണ്ടാകുമെന്നും അത് മനസ്സിലാക്കാനാകുന്നയതാണെന്നും പറഞ്ഞു.

ഇന്ത്യയെ ഒരുമിപ്പിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയെന്നും ബി.ജെ.പിയെന്ന എ.ടി.എം മെഷീനെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ രാജ്യത്തിന്റെ പ്രധാന പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടി. അതേസമയം, കോൺഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് വെറുമൊരു സംഘടനാ പദവിയല്ലെന്നും ചരിത്രപമായ സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം നിലനിൽക്കുന്ന ഒരേയൊരു പാർട്ടി കോണ്ഗ്രസാണെന്നും എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏത് കോൺഗ്രസ് പ്രവർത്തകനും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആര് കോൺഗ്രസ് പ്രസിഡന്റായാലും അദ്ദേഹം ഇന്ത്യ എന്ന ആശയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വ്യക്തമാക്കി.

കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ ഗോവ കോൺഗ്രസ് തകർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെപ്പറ്റിയും രാഹുൽ പ്രതികരിച്ചു. ജനങ്ങളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തും വാങ്ങാനുള്ള കഴിവുള്ളവരാണ് രാജ്യം ഭരിക്കുന്നതായിരുന്നു മറുപടി.

കേരളത്തിൽ യാത്ര വൻ വിജയമാണെന്നും വിജയമാകുന്നതിന് തൊഴിലില്ലായ്മ വർധന, അവശ്യ സാധന വില വർധന തുടങ്ങിയ ചില കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അതിലൂടെ വിലക്കയറ്റവും തൊഴിലില്ലായ്മയും മറച്ചുവെക്കുകയാണെന്നും വിമർശിച്ചു. കേരളത്തിലെ ജനങ്ങൾ ഇത് മനസ്സിലാക്കിയത് കൊണ്ടാണ് സംസ്ഥാനത്ത് യാത്ര വിജയകരമായതെന്നും പറഞ്ഞു.

എൽഡിഎഫ് സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നുവെന്നതിന് അതിന് മറുപടി പറയാൻ നല്ലത് തന്റെ കേരളത്തിലെ സഹപ്രവർത്തകരാണെന്നായിരുന്നു ഉത്തരം. ഇടതുപക്ഷവുമായ ആശയവ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യത്തെപ്പറ്റി തനിക്ക് നല്ല ബോധ്യമുണ്ടെന്നും രാജ്യത്തെ പാവങ്ങൾ കൂടുതൽ ദരിദ്രരാകുന്നു, പണക്കാർ ആസ്തി വർധിപ്പിക്കുകയും ചെയ്യുകയാണെന്നും ഈ പ്രശ്‌നങ്ങളാണ് കൂടുതൽ ഉന്നയിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു. കൃഷി, വ്യവസായം രംഗങ്ങളിലൊക്കെ രാജ്യത്ത് മൂന്നോ നാലോ ആളുകളാണ് എല്ലാ കാര്യവും ചെയ്യുന്നതെന്നും ബാങ്കുകൾ അവരെ മാത്രം സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്രയിലെ ഒരു അണിമാത്രമാണ് താനെന്നും മാധ്യമങ്ങളാണ് തന്നിലേക്ക് യാത്ര കേന്ദ്രീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് എല്ലാ തരം വർഗീയതയെയും നേരിടണമെന്നായിരുന്നു രാഹുലിന്റെ മറുപടി.


Full View


Don't worry about jodo Yatra not having much time in UP, there is a definite plan: Rahul Gandhi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News