മസാല ദോശക്ക് 600 രൂപ; സ്വർണത്തിന് ഇത്ര വിലയില്ലല്ലോ എന്ന് സോഷ്യൽ മീഡിയ
ചൂഷണത്തിനെതിരെ ഒന്നും മിണ്ടാതെ എല്ലാവരും വാങ്ങിക്കഴിക്കുക്കയാണന്ന് നെറ്റിസൺ
ഒരു മസാല ദോശക്ക് പരമാവധി എത്രയാകും വില. അമ്പത് രൂപ മുതൽ വാങ്ങുന്നവരുണ്ട്. എന്നാൽ ഒരു മസാല ദോശക്ക് അറുനൂറ് രൂപ നൽകേണ്ടി വന്നാൽ ഞെട്ടാതിരിക്കുമോ.മുംബൈ വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മസാല ദോശയ്ക്കും ബട്ടർ മിൽക്കിനുമാണ് ഇത്രയുമധികം വില നൽകേണ്ടി വന്നത്. ഷെഫ് ഡോൺ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം ഐ.ഡിയിൽ നിന്നാണ് എയർപ്പോർട്ടിലെ മസാല ദോശയുടെ വിലയെ പരിഹസിച്ച് വിഡിയോ പുറത്ത്‍വിട്ടിരിക്കുന്നത്.
വിഡിയോ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി ആളുകൾ രംഗത്തെത്തി. ‘ഉണങ്ങിയ ഉരുളക്കിഴങ്ങും മസാലയും തന്നെയാണ് അറുനൂറ് രൂപയുടെ മസാലദോശക്കകത്തുമുള്ളത്’. ’40-50 രൂപയുടെ മസാല ദോശയെക്കാൾ മികച്ചതൊന്നും അതിനകത്തുണ്ടാകില്ല’ എന്നിങ്ങനെ നീളുന്നു കമൻറുകൾ.
ഇതിനെയാണ് ചൂഷണം എന്ന് വിളിക്കേണ്ടത്. എന്നാൽ ആരും ഒന്നും മിണ്ടാതെ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നു. ആർക്കും പരാതിയില്ല. ചന്തയിൽ ചെന്നാൽ കർഷകരോടും വിൽപ്പനക്കാരോടും വിലപേശാൻ മിടുക്കരാണ് എല്ലാവരുമെന്ന് പരിഹസിക്കുന്ന കമന്റുകളുമുണ്ട്.എന്നാൽ എയർപോർട്ടിൽ നിങ്ങൾക്ക് ലഭിക്കുന്ന വിവിധ സൗകര്യങ്ങളുടെ വിലകൂടിയാണതെന്നാണ് ഒരാൾ ന്യായീകരിച്ചത്. എയർപോർട്ടിലെ കൊള്ളവില പലപ്പോഴും സോഷ്യൽമീഡിയകളിൽ ചർച്ചയായിട്ടുണ്ട്.