ബംഗാളിൽ ഇൻഡ്യ സഖ്യം തകരാതിരിക്കാൻ ശ്രമം ശക്തമാക്കി കോൺഗ്രസ്
ദേശീയ തലത്തിൽ ആർ.എസ്.എസ് വിചാരധാരയെ എതിർക്കാനാണ് ഇൻഡ്യ മുന്നണിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
ഡല്‍ഹി: പശ്ചിമ ബംഗാളിൽ ഇൻഡ്യ സഖ്യം തകരാതിരിക്കാൻ ശ്രമം ശക്തമാക്കി കോൺഗ്രസ്. പാർട്ടിക്ക് എതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. ദേശീയ തലത്തിൽ ആർ.എസ്.എസ് വിചാരധാരയെ എതിർക്കാനാണ് ഇൻഡ്യ മുന്നണിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
നിരന്തരം കോൺഗ്രസിനെ കടന്നാക്രമിക്കുന്ന പ്രസ്താവനകൾ നടത്തുന്ന മമത ബാനർജിയുടെ നിലപാടിൽ തെല്ലും അയവ് വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നൽകാമെന്ന മമതയുടെ വാഗ്ദാനം കോൺഗ്രസ് അംഗീകരിക്കാത്ത സാഹചര്യത്തിൽ മുഴുവൻ സീറ്റുകളിലും മൽസരിക്കാൻ ആണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. ബംഗാളിലെ 40 ലോക്സഭാ സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമോ എന്നാണ് തൻ്റെ ആശങ്കയെന്നും മമത പരിഹസിച്ചു. മുന്നണിയിൽ നിന്ന് പുറത്ത് പോകാൻ മമത കാരണങ്ങൾ കണ്ടെത്തുന്നു എന്ന് രാഹുൽ ഗാന്ധിയെ കണ്ട് പറഞ്ഞ ബംഗാളിലെ സി.പി.എം നേതൃത്വത്തെയും മമത വിമർശിച്ചു. ഇൻഡ്യ മുന്നണിയിൽ കോൺഗ്രസിനും തനിക്കും ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത് സിപിഎം ആണെന്ന് മമത ആരോപിച്ചു. മമതയുടെ ആരോപണങ്ങൾക്ക് അതെ ഭാഷയിൽ മറുപടി നൽകിയാൽ മുന്നണിയെ അത് ബാധിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ട്. മമതയുടെ വിമർശനങ്ങൾ സംസ്ഥാന രാഷ്ട്രീയം സംബന്ധിച്ച് മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പല്ല നടക്കാൻ പോകുന്നതെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പൊതു എതിരാളിയായി കാണാൻ ആണ് ഇൻഡ്യ മുന്നണി ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡ്യ മുന്നണിയിലെ പ്രധാന നേതാവാണ് മമത ബാനർജിയെന്നും ജയറാം രമേശ് ആവർത്തിച്ചു. കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ യുപി, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ മമത ബാനർജി വെല്ലുവിളിച്ചിരുന്നു. ഉത്തർപ്രദേശിൽ 11 ദിവസം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ ന്യായ് യാത്ര പര്യടനം നടത്തുമെന്നാണ് ഇതിന് മറുപടിയായി കോൺഗ്രസിൻ്റെ പ്രതികരണം.