ഡോ. മുഫദ്ദൽ സൈഫുദ്ദീൻ ജാമിഅ മില്ലിയ്യ ചാൻസലർ
ആഗോള ദാവൂദി ബോറ മുസ്‌ലിം സമുദായത്തിന്റെ അധ്യക്ഷനാണ്.
ന്യൂഡൽഹി: ജാമിഅ മില്ലിയ്യ സർവകലാശാലയുടെ പുതിയ ചാൻസലറായി (അമീറെ ജാമിഅ) ദാവൂദി ബോറ സമുദായ നേതാവ് ഡോ. മുഫദ്ദൽ സൈഫുദ്ദീനെ ഏകകണ്‌ഠേന തെരഞ്ഞെടുത്തു. അഞ്ചു വർഷക്കാലാവധി പൂർത്തിയാക്കിയ നിലവിലെ ചാൻസലർ ഡോ. നജ്മ ഹിബതുല്ലയ്ക്ക് പകരമാണ് മുഫദ്ദലിന്റെ നിയമനം. മാർച്ച് 14ന് ഇദ്ദേഹം സ്ഥാനമേൽക്കും. 2014 മുതൽ ആഗോള ഷിയ ദാവൂദി ബോറ മുസ്‌ലിം സമുദായത്തിന്റെ അധ്യക്ഷനാണ്.
സൈഫീ ബുർഹാനി അപ്‌ലിഫ്റ്റ്, ടേണിങ് ദ ടൈഡ്, പ്രൊജ്ക്ട് റൈസ്, എഫ്എംബി കമ്യൂണിറ്റി കിച്ചൻ തുടങ്ങിയ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന വ്യക്തിത്വമാണ് മുഫദ്ദൽ. ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിംകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സൂറത്തിലെ ദാവൂദി ബോറ വിദ്യാഭ്യാസ സ്ഥാപനമായ അൽ ജാമിഅത്തുസ്സൈഫിയ്യയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഈജിപ്തിലെ അൽ അസ്ഹർ, കൈറോ യൂണിവേഴ്‌സിറ്റികളിലായിരുന്നു ഉപരിപഠനം. നേരത്തെ അലിഗർ മുസ്‌ലിം യൂണിവേഴ്‌സിറ്റി ചാൻസലറായിരുന്നു.
മോദിയുമായി അടുപ്പം
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന ബോറ സമുദായ നേതാവു കൂടിയാണ് മുഫദ്ദൽ സൈഫുദ്ദീൻ. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ജാമിഅത്തുസ്സൈഫിയ്യയുടെ മുംബൈ സെന്റർ ഉദ്ഘാടനത്തിൽ മോദി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി എന്ന നിലയിലല്ല, 'കുടുംബാംഗം' എന്ന നിലയ്ക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത് എന്നാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
'കുടുംബത്തിലേക്കു വരുന്നതു പോലെയാണിത്. ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു. അതിൽ എനിക്കൊരു പരാതിയുണ്ട്. നിങ്ങൾ പ്രധാനമന്ത്രി, അല്ലെങ്കിൽ മുഖ്യമന്ത്രി എന്നൊക്കെയാണ് തുടർച്ചയായി എന്നെ കുറിച്ച് പറയുന്നത്. ഞാൻ നിങ്ങളുടെ സമുദായാംഗമാണ്. ഇവിടെ ഞാൻ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ല. നിങ്ങളിൽ ഒരാളാകാൻ കഴിയുന്നതിനെ ഭാഗ്യമായി കരുതുന്നു. നാലു തലമുറയായി ഈ കുടുംബവുമായി എനിക്ക് ബന്ധമുണ്ട്. നാലു തലമുറയും എന്റെ വീട് സന്ദർശിച്ചിട്ടുണ്ട്' - എന്നിങ്ങനെയായിരുന്നു മോദിയുടെ പ്രസംഗം.
ഗുജറാത്തിൽ ബിജെപിക്ക് പരസ്യമായ പിന്തുണ നൽകുന്ന ഷിയ വിഭാഗമാണ് ദാവൂദി ബോറകൾ. സംസ്ഥാനത്തെ ഒമ്പത് ശതമാനം വരുന്ന മുസ്‌ലിം ജനസംഖ്യയിൽ ന്യൂനപക്ഷമാണ് എങ്കിലും വ്യവസായ മേഖലയിൽ വൻകിടക്കാരാണ് ബോറകൾ. സർക്കാർ സംവിധാനങ്ങളിലും ഇവർക്ക് നിർണായക സ്വാധീനമുണ്ട്.
2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ വിദേശ പരിപാടികളിലും ബോറകൾ സജീവമായിരുന്നു. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡൻ, സിഡ്‌നിയിലെ ഒലിംപിക് പാർക്ക് അറീന എന്നിവിടങ്ങളിൽ മോദി നടത്തിയ പരിപാടിയിൽ ബോറകൾ കൂട്ടത്തോടെ എത്തിയിരുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് യുഎസ് മോദിക്ക് വിസ നിഷേധിച്ച വേളയിലും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിക്ക് ബോറകൾ ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
അദ്ദാഇൽ മുത്‌ലഖ് (സമ്പൂർണ സുവിശേഷകൻ) എന്നാണ് ബോറകളുടെ അധ്യക്ഷൻ അറിയപ്പെടുന്നത്. നമ്മുടെ നേതാവ് എന്നർത്ഥം വരുന്ന സയ്യിദുനാ എന്ന പേരിന് മുമ്പ് ഉപയോഗിക്കുകയും ചെയ്യും. ബോറകളുടെ അമ്പത്തിമൂന്നാം ദാഇയാണ് സയ്യിദുനാ മുഫദ്ദൽ സൈഫുദ്ദീൻ. ഇദ്ദേഹത്തിന് മുമ്പ് ദാഇ ആയിരുന്ന മുഹമ്മദ് ബുർഹാനുദ്ദീനുമായും മോദി അടുപ്പം സൂക്ഷിച്ചിരുന്നു. ഇദ്ദേഹം അന്തരിച്ച സമയത്ത് വീട്ടിലെത്തി മോദി അനുശോചനം അറിയിച്ചിരുന്നു.
2011ൽ സമുദായങ്ങൾക്കിടയിലെ അകലം കുറയ്ക്കുക എന്ന ലക്ഷ്യം അവകാശപ്പെട്ട് മോദി നടത്തിയ ത്രിദിന സദ്ഭാവന മിഷൻ വ്രതത്തിൽ ബോറ സമുദായാംഗങ്ങൾ അവരുടെ പരമ്പരാഗത വേഷവിധാനം അണിഞ്ഞ് സജീവമായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജാഫ്രി നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രിംകോടതി വിചാരണക്കോടതിയോട് നിർദേശിച്ചതിന് പിന്നാലെയായിരുന്നു മോദിയുടെ വ്രതം.
Summary: Members of the court (Anjuman) of Jamia Millia Islamia (JMI) have elected Dr Syedna Mufaddal Saifuddin as the chancellor (Amir-e-Jamia) of the university.