സസ്‌പെൻസിന് അന്ത്യം; ദ്രൗപദി മുർമു എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി
രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്ര വനിതയാണ് ദ്രൗപദി
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള സസ്‌പെൻസ് അവസാനിപ്പിച്ച് എൻ.ഡി.എ. മുൻ ഝാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമുവിനെ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് ദ്രൗപദിയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിനുശേഷം ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽനിന്നുള്ള സന്താൾ ഗോത്രവർഗക്കാരിയാണ് ദ്രൗപദി. 2000ത്തിന്റെ തുടക്കത്തിൽ തന്നെ ബി.ജെ.പിയിലൂടെ രാഷ്ട്രീയരംഗത്ത് സജീവമാണ്. 2000 മാർച്ച് ആറിന് ഒഡിഷയിൽ അധികാരമേറ്റ ബി.ജെ.പി-ബിജു ജനതാദൾ സഖ്യസർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗത മന്ത്രിയായിരുന്നു. രണ്ടു വർഷത്തിനുശേഷം ഫിഷറീസ്, ആനിമൽ റിസോഴ്‌സസ് മന്ത്രിയായി.
2015ലാണ് ഝാർഖണ്ഡിന്റെ ഒൻപതാമത്തെ ഗവർണറായി ദ്രൗപദി നിയമിതയാകുന്നത്. ഝാർഖണ്ഡിന്റെ ആദ്യത്തെ വനിതാ ഗവർണറുമായിരുന്നു അവർ. രാജ്യത്ത് ഗവർണർ പദവിയിലെത്തുന്ന ഒഡിഷയിൽനിന്നുള്ള ആദ്യത്തെ വനിതയും ഗോത്രനേതാവുമെന്ന പ്രത്യേകതയും ദ്രൗപദിക്കു സ്വന്തമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഗോത്ര വോട്ട് നിർണായകമാണ്. ഇവിടങ്ങളിൽ ഗോത്ര സമൂഹത്തിന്‍റെ വോട്ട് ഉറപ്പിക്കാനുള്ള നീക്കം നേരത്തെ തന്നെ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. ദ്രൗപദിയെ സ്ഥാനാർത്ഥിയായി ഇറക്കി ഗോത്ര സമുദായത്തെ ഒപ്പംനിർത്താൻ ബി.ജെ.പി നീക്കം നടത്തുമെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു.
ഇന്നു വൈകീട്ടാണ് പ്രതിപക്ഷം സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എൻ.സി.പി തലവൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ച് സിൻഹ രംഗത്തെത്തിയിരുന്നു.
ഐകകണ്ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായിരിക്കും സിൻഹയെന്നും അദ്ദേഹം വ്യക്തമാക്കി.
ശരദ് പവാർ, നാഷനൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുല്ല, മഹമാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നത്. എന്നാൽ, മൂന്നുപേരും സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെ മറ്റൊരാൾക്കു വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിപക്ഷം.
ഈ മാസം 29 ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് ജൂലൈ 18നും വോട്ടെണ്ണൽ ജൂലൈ 21നും നടക്കും.
Summary: Draupadi Murmu named as NDA's presidential candidate