ഓര്‍ഡര്‍ ചെയ്തിട്ട് പണം കൊടുത്തില്ല; മദ്യപിച്ചു ലക്കുകെട്ട പൊലീസുകാരനും കടയുടമയും തമ്മില്‍ പൊരിഞ്ഞ അടി: സസ്പെന്‍ഷന്‍

പൊലീസുകാരൻ കടയുടമയോട് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം

Update: 2023-06-19 08:59 GMT
Editor : Jaisy Thomas | By : Web Desk

പൊലീസുകാരനും കടയുടമയും തമ്മില്‍ തര്‍ക്കത്തില്‍

Advertising

കാണ്‍പൂര്‍: കടയിലെത്തി സാധനം ഓര്‍ഡര്‍ ചെയ്തിട്ട് പണം കൊടുക്കാത്തതിനെ ചൊല്ലി പൊലീസുകാരനും ഷോപ്പുടമയും തമ്മില്‍ പൊരിഞ്ഞ അടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ഒരു മധുരപലഹാരക്കടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊലീസുകാരന്‍ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പൊലീസുകാരൻ കടയുടമയോട് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം.വാങ്ങിയ മധുരപലഹാരങ്ങള്‍ക്ക് പണം നല്‍കാന്‍ ഷോപ്പുടമ ആവശ്യപ്പെട്ടതാണ് പൊലീസുകാരനെ പ്രകോപിപ്പിച്ചത്. കടയുടമ തന്‍റെ ഓർഡറിന് പണം നൽകാൻ ആവശ്യപ്പെടുമ്പോൾ 'നീ എന്നോട് വഴക്കുണ്ടാക്കുമോ' പൊലീസുകാരന്‍ പറയുന്നുമുണ്ട്. പിന്നീട് കടയുടമയെ തള്ളിയിടുകയും ചെയ്യുന്നു. ഇത് മറ്റൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയുമായിരുന്നു. വീഡിയോ റെക്കോഡ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസുകാരന്‍ തന്‍റെ ഫോണെടുത്ത് കൗണ്ടറിന് സമീപം നില്‍ക്കുന്നതായി കാണാം. കുറച്ചു കഴിഞ്ഞപ്പോൾ അയാള്‍ "സർ" എന്ന് വിളിച്ച് ഒരാളോട് സംസാരിച്ചു. പിന്നീട് അയാളോട് കടയിലേക്ക് വരാൻ പറയുന്നുമുണ്ട്.

മറ്റൊരു വീഡിയോയിൽ പൊലീസുകാരൻ കടയുടമയോട് വഴക്കിട്ടതിന് ശേഷം എത്ര പണം നൽകണമെന്ന് ചോദിക്കുന്നു.തന്‍റെ ഓർഡറിന് 110 രൂപ നൽകണമെന്ന് കടയുടമ പറയുമ്പോൾ, പൊലീസുകാരന്‍ യുപിഐ വഴി പണം നൽകാൻ ശ്രമിക്കുന്നു. എന്നാല്‍ പണം അയക്കാന്‍ സാധിച്ചില്ല. പണമടയ്ക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ പോലും കഴിയാത്ത വിധം പൊലീസുകാരന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കടയുടമ പറയുന്നു. വീഡിയോ വലിയ ചര്‍ച്ചക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും കേസിൽ അന്വേഷണം നടക്കുകയാണെന്നും കാൺപൂർ പോലീസ് ട്വീറ്റ് ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News