മദ്യപിച്ചെത്തിയ ഡോക്ടർ ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞുവീണു
ഡോക്ടർക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് രോഗികളുടെ കുടുംബം ആവശ്യപ്പെട്ടു
ബംഗളൂരു: മദ്യപിച്ച ഡ്യൂട്ടിക്കെത്തിയ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞുവീണു. കർണാടകയിലെ ചിക്കമംഗളൂരുവിലെ ആശുപത്രിയിലാണ് സംഭവം. ബാലകൃഷ്ണ എന്ന ഡോക്ടർക്കെതിരെയാണ് രോഗികളുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി ഒമ്പത് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഡോക്ടർ കുഴഞ്ഞുവീണത്. രാവിലെ മുതൽ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. ശസ്ത്രിക്രിയക്ക് പ്രവേശിപ്പിച്ചവർക്ക് രാവിലെ 8 മണിയോടെ അനസ്‌തേഷ്യ നൽകിയിരുന്നു. ഉച്ചക്ക് രണ്ടുമണിയോടെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഡോക്ടർക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് രോഗികളുടെ കുടുംബം ആവശ്യപ്പെട്ടു. അതേസമയം, ഡോക്ടർ സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയാണെന്നും നേരത്തെയും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.