കോൺഗ്രസ് ഭരണകാലത്ത് ബജറ്റിൽ 15 ശതമാനവും മുസ്‍ലിംകൾക്ക് നൽകി; വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പുതിയ വിവാദ പരാമർശം
മുബൈ: വീണ്ടും വിദ്വേഷ പ്രസംഗം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണകാലത്ത് ബജറ്റിൽ 15 ശതമാനവും മുസ്‍ലിംകള്‍ക്ക് നൽകിയെന്നാണ് മോദിയുടെ പുതിയ വിവാദ പരാമർശം.
" കോൺഗ്രസ് ഭരണകാലത്ത് ബജറ്റിൽ 15 ശതമാനവും മുസ്‍ലിംകള്‍ക്ക് നൽകി, രാജ്യത്തെ വിഭവങ്ങളുടെ വിതരണത്തിലും ഇതുതന്നെയാണ് ചെയ്തത്, ഹിന്ദുക്കൾക്കും മുസ്‍ലിംകള്‍ക്കും ബജറ്റിൽ പ്രത്യേകമായി നീക്കിവെച്ചു, മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസും ഇൻഡ്യ മുന്നണിയും ശ്രമിക്കുന്നത് " മഹാരാഷ്ട്രയിലെ ഡിൻഡോരി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ മോദി പറഞ്ഞു.
കർണ്ണാടക കോൺഗ്രസുകാരുടെ പരീക്ഷണശാലയാണെന്നും കർണാടകയിലെ മുസ്‍ലിംക്കളെ ഒറ്റരാത്രികൊണ്ട് അവർ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയെന്നും മോദി പറഞ്ഞു.
രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടുകയും ബിജെപി മറുപടി നൽകുകയും ചെയ്തിരുന്നു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നാണ് രാജസ്ഥാനിൽ മോദി ചോദിച്ചത്.