അഗ്നിപഥിനെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്: എ എ റഹീം ഉള്‍പ്പെടെയുള്ള നേതാക്കളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു
ജന്തര്‍ മന്തറില്‍ നിന്ന് പാർലമെന്‍റിലേക്കാണ് മാർച്ച്
ഡല്‍ഹി: അഗ്നിപഥ് സ്കീമിനെതിരെ ഡൽഹിയിൽ ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചില്‍ സംഘര്‍ഷം. ജന്തര്‍ മന്തറില്‍ നിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എ എ റഹീം, ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് സമരം ഡൽഹി ജന്തർ മന്തറില്‍ തുടരുകയാണ്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ടി.എൻ പ്രതാപൻ എം.പിയുടെ സ്റ്റാഫ് അബ്ദുൽ ഹമീദ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധം കടുക്കുമ്പോഴും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സേനാ മേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തുകയാണ്. അതിനിടെ അഗ്നിപഥ് ശമ്പളമടക്കമുള്ള വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ചു.
അഗ്നിപഥ് സ്കീമിലേക്കുള്ള ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ വിശദാംശങ്ങളാണ് ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടത്. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുക. മെഡിക്കൽ യോഗ്യതാ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ആദ്യ വര്‍ഷം 30,000 രൂപയും രണ്ടാമത്തെ വര്‍ഷം 33,000 രൂപയും മൂന്നാമത്തെ വര്‍ഷം 36,500 രൂപയും നാലാമത്തെ വര്‍ഷം 40,000 രൂപയുമാണ് ശമ്പളം. 30 ദിവസത്തെ വാർഷിക അവധിക്ക് അര്‍ഹതയുണ്ടാകും. അസാധാരണമായ സാഹചര്യത്തിലൊഴികെ, റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വന്തം നിലയില്‍ സേവനം മതിയാക്കി തിരിച്ചുപോകാനാവില്ല. സർക്കാരിന്‍റെ വിവേചനാധികാര പ്രകാരം നാല് വർഷത്തെ കാലയളവ് അവസാനിക്കുമ്പോൾ ദീര്‍ഘകാല സേവനത്തിലേക്ക് പരിഗണിച്ചേക്കാം.
13 ലക്ഷത്തോളം വരുന്ന സായുധ സേനയെ കാര്യക്ഷമമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. സേനയ്ക്ക് യുവത്വം നല്‍കുന്ന സ്കീം ആണ് അഗ്നിപഥെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. എന്നാല്‍ നാലു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല.
ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അഗ്നിവീര്‍മാരുടെ തൊഴിൽ സുരക്ഷയാണ് പ്രതിഷേധക്കാര്‍ ചോദ്യംചെയ്യുന്നത്. ഇതിന് മറുപടിയായിട്ടാണ് കേന്ദ്ര -സംസ്ഥാന പൊലീസ് മുതൽ അസം റൈഫിൾസിൽ വരെ തൊഴിൽ സംവരണം കേന്ദ്രസർക്കാർ ഉറപ്പ് നൽകുന്നത്. കാലാവധി പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്ക് ലഭിക്കുന്ന 12 ലക്ഷത്തിനടുത്ത തുക ആകര്‍ഷകമല്ലെന്നും സ്ഥിരം ജോലിയാണ് വേണ്ടതെന്നും പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
കർഷക സമരം ആളിക്കത്തിയപ്പോൾ പോലും ട്രെയിനിന് തീയിടുന്നത് പോലുള്ള അക്രമാസക്തമായ രീതിയിലേക്ക് സമരം വഴുതി വീണിരുന്നില്ല. പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ, സമാധാനപരമായി സമരം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യുവാക്കളെ ഉപദേശിക്കുന്നുണ്ട്. പിടിയിലായ യുവാക്കളുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു.