ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് ഇ.ഡി സമൻസ്

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വകമാറ്റിയെന്നതുൾപ്പെടെയുള്ള കേസുകളിലാണു നടപടി

Update: 2024-02-12 15:01 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീനഗർ: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ(ഇ.ഡി) സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം. ഇതേ കേസിൽ കഴിഞ്ഞ മാസവും ഇ.ഡി സമൻസ് ലഭിച്ചിരുന്നു. എന്നാൽ, ആരോഗ്യ കാരണങ്ങൾ പറഞ്ഞ് അന്ന് ഹാജരായിരുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർക്കു പിന്നാലെയാണ് പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവിന് ഇ.ഡി നോട്ടിസ് ലഭിക്കുന്നത്. നിലവിൽ ശ്രീനഗർ എം.പിയാണ് ഫാറൂഖ് അബ്ദുല്ല. ശ്രീനഗറിലെ ഓഫിസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ(ജെ.കെ.സി.എ) ഫണ്ട് സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയെന്നതുൾപ്പെടെയുള്ള കേസുകളാണ് ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ നിലനിൽക്കുന്നത്. 2001നും 2012നും ഇടയിൽ കശ്മീർ ക്രിക്കറ്റിന്റെ വികസനത്തിനായി ജെ.കെ.സി.എയ്ക്ക് ബി.സി.സി.ഐ 112 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് കണക്ക്. ഈ ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ 2018ൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആരോപിക്കപ്പെടുന്ന സമയത്ത് ജെ.കെ.സി.എ പ്രസിഡന്റായിരുന്ന ഫാറൂഖ് അബ്ദുല്ലയുടെ പേരും കുറ്റപത്രത്തിലുണ്ടായിരുന്നു.

Summary: ED summons Farooq Abdullah for questioning in money laundering case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News