നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും
ഇ. ഡി നടപടിയെ ഭയക്കുന്നില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്
ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഇതിന് മുന്നോടിയായാണ് ഇന്നലെ നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഓഫീസുകളിലെ റെയ്ഡ്. ഇ. ഡി നടപടിയെ ഭയക്കുന്നില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇന്നലെത്തെ ഇ.ഡി റെയ്ഡ്. ഡൽഹിയിൽ ഉൾപ്പെടെ 11 ഇടങ്ങളിൽ മണിക്കൂറുകൾ നീണ്ട പരിശോധന നടന്നു. സോണിയ ഗാന്ധിയെ ചോദ്യം ചെയ്ത് ദിവസങ്ങൾക്കകം നടന്ന പരിശോധനയിൽ ചില നിർണായക രേഖകൾ ഇ.ഡിക്ക് ലഭിച്ചതായാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യും. നാഷണൽ ഹെറാൾഡിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാനും സാധ്യതയുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് 50 മണിക്കൂറിൽ അധികം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
നിലവിലെ ഇ.ഡി നടപടി പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള സർക്കാര്‍ ശ്രമമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസ് പത്രമായ നാഷണൽ ഹെറാൾഡിനെ യങ് ഇന്ത് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹവാല കള്ളപ്പണ ഇടപാടുകൾ നടന്നു എന്നാണ് പ്രധാന ആരോപണം.