വർഗീയ വിദ്വേഷപ്രചാരണം മുതൽ അപകീർത്തിക്കേസ് വരെ; കങ്കണ റണാവത്തിനെതിരെ എട്ട് കേസുകൾ

ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായാണ് കങ്കണ റണാവത്ത് മത്സരിക്കുന്നത്

Update: 2024-03-29 11:20 GMT
Advertising

ചണ്ഡിഗർ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ എട്ട് കേസുകൾ. ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന നടിക്കെതിരെ വർഗീയ വിദ്വേഷപ്രചാരണം മുതൽ അപകീർത്തിക്കേസ് വരെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. കേസുകളിലധികവും മുംബൈയിലും മഹാരാഷ്ട്രയിലുമാണ് ചുമത്തപ്പെട്ടതെന്നാണ് എക്‌സിൽ ഹിമാചൽ പ്രദേശ് ബി.ജെ.പി പങ്കുവെച്ച നടിയുടെ സി-7 ഫോമിൽ വ്യക്തമാക്കുന്നത്. സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിർദേശപ്രകാരം എല്ലാ സ്ഥാനാർഥികളും സി-7 ഫോം പുറത്തുവിടണം. രണ്ട് ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും വേണം.

കങ്കണയ്ക്കെതിരെ രജിസ്റ്റർ ചെയ്ത എട്ട് കേസുകളുടെ വിശദാംശങ്ങൾ

  • ആദ്യ കേസ്: ഗാനരചയിതാവ് ജാവേദ് അക്തറും കങ്കണ റണാവത്തും തമ്മിലുള്ള തർക്കം പ്രസിദ്ധമാണ്. ഈ വിഷയത്തിൽ, മുംബൈയിലെ അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ കങ്കണയ്ക്കെതിരെ ജാവേദ് അക്തർ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഹൃത്വിക് റോഷനുമായി നടിക്ക് ബന്ധമുണ്ടെന്ന വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചുവെന്ന് കാണിച്ചാണ് 2020 നവംബറിൽ ജാവേദ് കേസ് കൊടുത്തത്. ഒരു ചാനൽ അഭിമുഖത്തിൽ കങ്കണ നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു നടപടി. ജാവേദ് അക്തർ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ഹൃത്വികിന്റെ പിതാവായ രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കങ്കണ പറഞ്ഞിരുന്നത്. അവരോട് മാപ്പു പറഞ്ഞില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നും പിന്നീട് ആത്മഹത്യയിൽ എത്തിയേക്കുമെന്നും ജാവേദ് തന്നോട് പറഞ്ഞതായി നടി അഭിമുഖത്തിൽ അവകാശപ്പെട്ടു. നിയമനടപടികൾ തുടരുന്ന തർക്കത്തിൽ ജാവേദിനെതിരെ കങ്കണ എതിർ കേസും നൽകിയിട്ടുണ്ട്. അതേസമയം, ഹൃത്വികുമായി ബന്ധമുണ്ടെന്ന നടിയുടെ വാദം നടനുമായി ഏറെ ആരോപണ പ്രത്യാരോപണങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ഇടയാക്കിയിരുന്നു.
  • രണ്ടാമത്തെ കേസ്: മണികർണിക റിട്ടേൺസ് ദി ലെജൻഡ് ദിദ്ദ എന്ന സിനിമയുടെ കഥ മോഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തി പകർപ്പവകാശ ലംഘനത്തിന് കങ്കണ റണാവത്തിനെതിരെ മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എഴുത്തുകാരൻ ആശിഷ് കൗൾ കേസ് നൽകിയിരുന്നു. ദിദ്ദ: ദി വാരിയർ ക്യൂൻ ഓഫ് കശ്മീർ, ദിദ്ദ: കശ്മീർ കി യോദ്ധ റാണി(ഹിന്ദി) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് ആശിഷ് കൗൾ. മണികർണിക റിട്ടേൺസ് ദി ലെജൻഡ് ദിദ്ദ സിനിമ 2021ലാണ് പ്രഖ്യാപിച്ചിരുന്നത്. ലോഹർ (പൂഞ്ച്) രാജകുമാരിയും കശ്മീരിലെ രാജ്ഞിയുമായ ദിദ്ദയുടെ ജീവിത കഥയുടെ മേൽ തനിക്ക് എക്‌സ്‌ക്ലൂസീവ് കോപ്പിറൈറ്റുണ്ടെന്ന കൗളിന്റെ അവകാശവാദം സ്വീകരിച്ച മുംബൈ കോടതി 2021 മാർച്ച് 12ന് കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. കേസ് ഇപ്പോൾ ബോംബേ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് ബിജെപി പുറത്തുവിട്ട സി-7 ഫോമിൽ പറയുന്നത്.
  • മൂന്നാമത്തെ കേസ്: കാസ്റ്റിംഗ് ഡയറക്ടർ സാഹിൽ അഷ്റഫ് സയ്യിദിന്റെ പരാതിയെ തുടർന്ന് കങ്കണയ്ക്കും സഹോദരി രംഗോലിക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ 2020 ഒക്‌ടോബർ 17ന് ബാന്ദ്ര കോടതി ഉത്തരവിട്ടു. കങ്കണയും സഹോദരി രംഗോലിയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ സാമുദായിക സൗഹാർദം തകർക്കാനും മഹാരാഷ്ട്ര സർക്കാരിന്റെ പേര് അപകീർത്തിപ്പെടുത്താനും പ്രവർത്തിച്ചുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ കങ്കണയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോളിവുഡിലെ ഹിന്ദു -മുസ്‌ലിം ആർട്ടിസ്റ്റുകൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കുന്ന പരാമർശങ്ങൾ എക്‌സിലൂടെയും ചാനൽ അഭിമുഖങ്ങളിലൂടെയും നടത്തിയതായിരുന്നു കേസിനാസ്പദമായത്.
  • നാലാമത്തെ കേസ്: കർഷക പ്രക്ഷോഭത്തിനിടെ, കങ്കണ കർഷകയായ മഹീന്ദ്ര കൗറിനെ സോഷ്യൽ മീഡിയയിൽ 'ഷഹീൻ ബാഗിന്റെ മുത്തശ്ശി' എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ പഞ്ചാബിലെ ഭട്ടിൻഡയിൽ കങ്കണ റണാവത്തിനെതിരെ മഹീന്ദ്ര കൗർ കേസ് നൽകി. 2021 ജനുവരിയിൽ ഭട്ടിൻഡ കോടതിയിലാണ് ഈ ഹരജി. ഐ.പി.സി 499, 500 പ്രകാരമുള്ള അപകീർത്തിക്കേസാണിത്.
  • അഞ്ചാമത്തെ കേസ്: നടൻ ആദിത്യ പഞ്ചൗലിയുടെ ഭാര്യ സറീന വഹാബും കങ്കണ റണാവത്തിനെതിരെ കേസ് നൽകി.
  • ആറാമത്തെ കേസ്: ആദിത്യ പഞ്ചൗലി ശാരീരികമായി ഉപദ്രവിച്ചതായി കങ്കണ ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ കങ്കണക്കെതിരെ ആദിത്യ കേസ് നൽകി. 2017 ഒക്‌ടോബറിലാണ് സറീന വഹാബും ആദിത്യയും വെവ്വേറെ അപകീർത്തിക്കേസുകൾ നൽകിയത്. 2019 ഈ കേസുകൾക്ക് അന്ധേരി കോടതിയിൽനിന്ന് സ്‌റ്റേ ലഭിച്ചതായാണ് സി-7 ഫോമിലുള്ളത്.
  • ഏഴാമത്തെ കേസ്: കർഷക സമരത്തിനിടെ കാർഷിക നിയമങ്ങളെ എതിർക്കുന്ന കർഷകരെ സോഷ്യൽ മീഡിയയിൽ കങ്കണ അധിക്ഷേപിച്ചു. തുടർന്ന് വംശത്തിന്റെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് കാണിച്ച് കങ്കണയ്ക്കെതിരെ അഭിഭാഷകനായ രമേഷ് നായക് കർണാടക കോടതിയെ സമീപിച്ചു. 2020 ഒക്‌ടോബർ ഒമ്പതിന് വിഷയത്തിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നിലവിൽ കർണാടക ഹൈക്കോടതിയിലാണ് കേസ്.
  • എട്ടാമത്തെ കേസ്: മുംബൈ ഖർ പൊലീസ് സ്‌റ്റേഷനിൽ 2021 നവംബർ 23ന് മറ്റൊരു കേസും കങ്കണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തു. കിസാൻ മോർച്ചയെ ഖാലിസ്ഥാന മൂവ്‌മെൻറിനോടും സിഖ് സമുദായത്തെ ഖാലിസ്ഥാനി തീവ്രവാദികളായും മുദ്രകുത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്. മുംബൈയിൽ ബിസിനസുകാരനായ അമർജീത്ത് സിംഗ് സന്ധു, ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെൻറ് കമ്മിറ്റി, ശിരോമണി സിഖ് അഖാലിദൾ എന്നിവരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഈ കേസ് ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ 2022 ജനുവരി 25ന് ശേഷം പരിഗണിച്ചിട്ടില്ല.
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News