കര്‍ണാടകയ്ക്ക് 'ഷോക്ക്'; തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വൈദ്യുതി നിരക്ക് കൂട്ടി

ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിരക്ക് വര്‍ധന നടപ്പാക്കുക.

Update: 2023-05-13 01:50 GMT
Advertising

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെ.ഇ.ആർ.സി) വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 70 പൈസയുടെ വര്‍ധനവാണ് വരുത്തിയത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വർധനവാണിത്. ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിരക്ക് വര്‍ധന നടപ്പാക്കുക.

57 പൈസ ഫിക്സഡ് ചാർജിലും 13 പൈസ എനർജി ചാർജിലുമാണ് ഈടാക്കുക. 8.31 ശതമാനത്തിന്‍റെ വർധനവാണ് ഏര്‍പ്പെടുത്തിയത്. 2022ൽ കെ.ഇ.ആർ.സിക്ക് സമർപ്പിച്ച നിർദേശങ്ങളിൽ, വൈദ്യുതി വിതരണ കമ്പനികൾ 139 പൈസയുടെ വര്‍ധന വേണമെന്നാണ് ആവശ്യപ്പെട്ടത്. 8,951.20 കോടി രൂപയുടെ റവന്യൂ കമ്മി നികത്താൻ 16.83 ശതമാനം വർധന വേണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ മെയ് 10ന് നടന്ന വോട്ടെടുപ്പില്‍ 2163 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 224 മണ്ഡലങ്ങളില്‍ 113 ഇടത്ത് ജയിക്കണം കേവല ഭൂരിപക്ഷം നേടാന്‍. ബി.ജെ.പി ഭരണത്തുടര്‍ച്ച അവകാശപ്പെടുമ്പോള്‍ ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസിന്‍റെ അവകാശവാദം. അതേസമയം എക്സിറ്റ് പോളുകള്‍ തൂക്കുസഭ പ്രവചിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക ശക്തിയാവാന്‍ കഴിയുമെന്നാണ് ജെ.ഡി.എസിന്‍റെ പ്രതീക്ഷ.

73.19 ശതമാനം വോട്ടെടുപ്പ്‌‌ നടന്ന ഇത്തവണ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോൾ സർവെകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ്‌ മൈ ഇന്ത്യ സർവെ പറയുന്നു. കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവെകൾ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെ.ഡി.എസ്‌ കിങ് മേക്കറാകും.

പാർട്ടികൾ ഇതിനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും ജെ.ഡി.എസ്‌ നേതാക്കൾ അവകാശപ്പെട്ടു. എന്നാലിത് ബി.ജെ.പിയും കോൺഗ്രസും നിഷേധിച്ചു. 140 സീറ്റുകൾ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോൺഗ്രസ്‌ നേതാവ്‌ ഡി.കെ ശിവകുമാർ പറഞ്ഞു. തങ്ങൾ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതൽ 125 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും ബി.ജെ.പി നേതാവ്‌ ശോഭ കരന്തലജെ അവകാശപ്പെട്ടു.

Summary- On the eve of the State Assembly election results, the Karnataka Electricity Regulatory Commission (KERC) announced a steep hike in electricity tariff. The commission on Friday approved an average tariff hike of 70 paise per unit across all categories for the financial year 2023-24

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News