'കൊതുകുവല അനുവദിക്കാമോ?' ഗൗതം നവ്‌ലാഖ വീണ്ടും കോടതിക്ക് മുമ്പിൽ

ഇതേ കേസിൽ സ്റ്റാൻ സ്വാമി വെള്ളം കുടിക്കാൻ സ്‌ട്രോ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു

Update: 2022-09-16 07:02 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ജയിലിൽ കൊതുകുവല അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖ വീണ്ടും കോടതിയെ സമീപിച്ചു. വിചാരണ നടക്കുന്ന ദേശീയ അന്വേഷണ ഏജൻസി കോടതിക്ക് മുമ്പാകെയാണ് നവ്‌ലാഖ ആവശ്യമറിയിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. നിലവിൽ മുംബൈയിലെ തലോജ ജയിലിലാണ് ഇദ്ദേഹം.

കേസിലെ മറ്റൊരു കുറ്റാരോപിതൻ വെർണൻ ഗോൺസാൽവസിന് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൊതുകു വല വേണമെന്നഭ്യർത്ഥിച്ച് നവ്‌ലാഖ കോടതിയെ സമീപിച്ചത്. മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിത്സയിലാണ് ഗോൺസാൽവസ്.

ഡെങ്കിക്കും മലേറിയക്കും സാധ്യതയുള്ള പ്രദേശത്താണ് തലോജ ജയിൽ ഉള്ളതെന്ന് നവ്‌ലാഖ കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. ജയിലിൽ വലിയ കൊതുകുശല്യമുണ്ട്. കൊതുക് പ്രതിരോധ മാർഗങ്ങൾ ഉപയോഗിച്ചിട്ടും രാത്രി ഉറങ്ങാനാകുന്നില്ല. നേരത്തെ കൊതുകുവല ഉപയോഗിച്ചിരുന്നു. എന്നാൽ ജയിലിലെ ജീവനക്കാർ മാറിയതിന് ശേഷം അതെടുത്തു കളഞ്ഞു- അദ്ദേഹം പറയുന്നു.

സ്‌കിൻ അലർജിക്ക് ചികിത്സയ്ക്കായി മുംബൈയിലെ കെഇഎം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് മറ്റൊരു ഹർജിയിൽ നവ്‌ലാഖ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ഈ വർഷം ജൂലൈയിലും കൊതുകുവലയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നവ്‌ലാഖ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം തള്ളിയ കോടതി കൊതുകു പ്രതിരോധ മാർഗങ്ങളും സ്റ്റിക്കും ഉപയോഗിക്കാൻ അനുമതി നൽകി. തടവുകാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന സർക്കാർ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

'സ്റ്റാൻ സ്വാമിയുടെ സ്‌ട്രോ'

ഇതേ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സ്റ്റാൻ സ്വാമി വെള്ളം കുടിക്കാൻ സ്‌ട്രോയും സിപ്പർ കപ്പും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിഷയത്തിൽ മറുപടി നൽകാൻ 20 ദിവസം വേണമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിരുന്നത്. പാർക്കിൻസൺ രോഗബാധിതനായതിനാൽ ഗ്ലാസ് കൈയിൽ ശരിയായി പിടിക്കാൻ കഴിയുന്നില്ലെന്നും സ്‌ട്രോ വേണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം.

ബോംബൈ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് 2021 ജൂലൈ അഞ്ചിന് സ്റ്റാൻ സ്വാമി അന്തരിച്ചു.

എൽഗാർ പരിഷത്ത് കേസ്

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ 2017 ഡിസംബർ 31ന് മറാത്തക്കാരും ദളിത് വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് മുമ്പത്തെ ദിവസമായിരുന്നു എൽഗാർ പരിഷത്ത് സമ്മേളനം. സംഘർഷം ആസൂത്രണം ചെയ്തു എന്ന കുറ്റത്തിന് 16 പേരെയാണ് അറസ്റ്റു ചെയതത്. 2020 ജനുവരിയിലാണ് കേസ് എൻഐഎക്ക് കൈമാറിയത്. കേസിലെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

എൽഗാർ പരിഷത്ത്/ ഭീമ കൊറേഗാവ് കേസിലെ എല്ലാ പ്രതികൾക്കും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാണ് എഎൻഐയുടെ ആരോപണം. സ്റ്റാൻ സ്വാമിയെ കൂടാതെ, സാമൂഹിക പ്രവർത്തക സുധ ഭരദ്വാജ്, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്, ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹാനി ബാബു, തെലുങ്ക് കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരുണ്‍ ഫെറീറ, അക്കാദമീഷ്യല്‍ ആനന്ദ് തെല്‍തുംബ്ഡെ,മലയാളിയായ റോണ വില്‍സണ്‍, ഷോമ സെന്‍  തുടങ്ങിയവരാണ് അറസ്റ്റിലായിരുന്നത്. 

Summary: Elgar Parishad case: Gautam Navlakha approaches court again seeking mosquito net in prison

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News