വിവാഹനിശ്ചയമെന്നത് പ്രതിശ്രുതവധുവിനെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ലൈസൻസല്ല: ഹൈക്കോടതി
പ്രതിശ്രുതവധുവിനെ ബലാത്സംഗം ചെയ്ത ഹരിയാനക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം
ചണ്ഡീഗഡ്: വിവാഹനിശ്ചയത്തിനും വിവാഹത്തിനും ഇടയിലുള്ള കാലയളവിൽ പ്രതിശ്രുത വധുവിനെ സമ്മതമില്ലാതെ ശാരീരിക ചൂഷണം ചെയ്യാൻ വരന് അവകാശമില്ലെന്ന് പഞ്ചാബ് -ഹരിയാന കോടതി. പ്രതിശ്രുതവധുവിനെ ബലാത്സംഗം ചെയ്ത ഹരിയാനക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിവേക് പുരിയുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിവാഹനിശ്ചത്തിന് ശേഷം സ്ത്രീയും പുരുഷനും ഇടയ്ക്കിടക്ക് കണ്ടുമുട്ടുന്നതും സമ്മതമില്ലാതെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുള്ള അവകാശമോ സ്വാതന്ത്ര്യമോ വരന് നൽകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതി നൽകിയ പരാതി പ്രകാരം 2022 ജനുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. 2022 ഡിസംബർ ആറിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഫെബ്രുവരിയിൽ യുവാവ് യുവതിയെ കാണുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി അതിന് വിസമ്മതിക്കുകയായിരുന്നു. ജൂണിൽ വിശ്രമിക്കാനെന്ന വ്യാജേന കർണാലിലെ ഒരു ഹോട്ടലിലേക്ക് യുവതിയെ കൊണ്ടുപോകുകയും സമ്മതമില്ലാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തതായാണ് പരാതി. ഇതിന്റെ വീഡിയോ പകർത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
എന്നാൽ യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതിനെത്തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇരുവരും തമ്മിലുള്ള ശാരീരിക ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും വാദമുയർന്നു. ഇരുവരും വാട്സ്ആപ്പിൽ കൈമാറിയ സന്ദേശങ്ങൾ ഇതിന് തെളിവാണെന്നും അഭിഭാഷകൻ വാദിച്ചു.
വാദങ്ങൾ കേട്ട ശേഷം, യുവതി ലൈംഗിക ബന്ധത്തിന് സ്വമേധയാ സമ്മതിച്ചുവെന്നോ അല്ലെങ്കിൽ അത് പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന്റെ കേസാണെന്നോ ഒരു ഘട്ടത്തിലും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്.