നൂറാം ദിവസത്തിലേക്ക് അടുക്കുമ്പോഴും സംഘർഷത്തിന് ശമനമില്ലാതെ മണിപ്പൂർ
പെൺകുട്ടികളെ നഗ്‌നരാക്കി നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനുശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞു ആദ്യമായൊന്നു പ്രതികരിച്ചത്.
ഇംഫാൽ: മണിപ്പൂരിൽ കലാപം ആരംഭിച്ചിട്ട് നൂറാം ദിവസത്തിലേക്ക് എത്തുമ്പോഴും മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. കുകി - മെയ്തി സംഘർഷത്തിൽ 160 ലിൽ അധികം പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മെയ് മൂന്നാം തിയതിയാണ് മണിപ്പൂരിന്റെ സമാധാനവും ശാന്തിയും തകർത്ത് സംഘർഷങ്ങൾ ആരംഭിച്ചത്. മെയ്തി വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവാണ് സംഘർഷത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അഗ്‌നിക്കിരയായി. കലാപകാരികൾ യുവതികളെ കൂട്ട ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തി. നിരവധി കുട്ടികളെ രക്ഷിതാക്കൾ ക്യാമ്പുകളിൽ ഉപേക്ഷിച്ചു. അമ്പതിനായിരത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.
മാസങ്ങൾ പിന്നിടുമ്പോഴും സംഘർഷം നിയന്ത്രിക്കാനോ അവസാനിപ്പിക്കാനോ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കായിട്ടില്ല. മണിപ്പൂരിൽ ഭരണസംവിധാനവും ക്രമസമാധാനവും പൂർണമായും തകർന്നുവെന്ന് സുപ്രിംകോടതിയും വിലയിരുത്തി. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തി. പെൺകുട്ടികളെ നഗ്‌നരാക്കി നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനുശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞു ആദ്യമായോന്ന് പ്രതികരിച്ചത്. ഇന്ന് അവിശ്വാസപ്രമേയത്തിൽ പ്രധാനമന്ത്രി മറുപടി നൽകുമ്പോൾ മണിപ്പൂരിൽ സമാധാനത്തിനു വേണ്ടിയുള്ള ഒരു ആഹ്വാനമെങ്കിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.