സമയക്കുറവ് കൊണ്ടാണ് സംസാരിക്കാൻ അവസരം കിട്ടാതിരുന്നത്, മുരളീധരന്‍ പരാതി പറഞ്ഞിട്ടില്ല: താരിഖ് അന്‍വര്‍

ബോധപൂർവം മാറ്റിനിർത്തിയതാണെന്നും സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്താൻ താൻ തയ്യാറാണെന്നും മുരളീധരൻ വ്യക്തമാക്കി

Update: 2023-03-31 12:44 GMT
Advertising

ന്യൂഡല്‍ഹി: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ ചടങ്ങിൽ അവഗണിച്ചെന്ന് കെ. മുരളീധരൻ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സമയക്കുറവ് കൊണ്ടാണ് എല്ലാവർക്കും സംസാരിക്കാൻ അവസരം കിട്ടാതിരുന്നത്. എ.ഐ.സി.സി വിഷയത്തിൽ ഇടപെടില്ല. കെ.പി.സി.സി പ്രശ്‌നം പരിഹരിക്കട്ടെയെന്നും താരിഖ് അൻവർ പറഞ്ഞു.


ബോധപൂർവം മാറ്റിനിർത്തിയതാണെന്നും സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്താൻ താൻ തയ്യാറാണെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി പത്രമായ വീക്ഷണത്തിൻറെ സപ്ലിമെന്റിലും തന്നെ അവഗണിച്ചതായി മുരളീധരൻ പറഞ്ഞു

പാർട്ടിയാണ് തന്നെ സ്ഥാനങ്ങളിൽ എത്തിച്ചത്. ആ പാർട്ടിക്ക് തൻറെ സേവനം ആവശ്യമില്ലെന്ന് തോന്നിയാൽ അറിയിച്ചാൽ മതിയെന്നും ഇക്കാര്യം കെ.സി വേണുഗോപാലിനോടും കെ. സുധാകരനോടും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ ഒഴിവായാൽ അത്രയും നല്ലതെന്നാണ് അവരുടെയൊക്കെ മനോഭാവം. വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് കച്ചേരി നിർത്തിയ ആളോട് വീണ്ടും പാടുമോയെന്ന് ചോദിക്കുമോയെന്നായിരുന്നു മുരളീധരൻറെ മറുപടി.


അതേസമയം കെ. മുരളീധരന് അതൃപ്തിയുള്ളതായി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ആയതിനാൽ പ്രശ്‌നം ഇനിയും പരിഹരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News