2004 മുതൽ 2023 വരെ; എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റിയ തെരഞ്ഞെടുപ്പ് ഫലങ്ങൾ
2004ൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം
ഏഴ് ഘട്ടമായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ശനിയാഴ്ചയാണ് അവസാനിച്ചത്. ഇനി ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളുടെ ഫലം പുറത്തുവിടുകയുണ്ടായി. മൂന്നാമതും മോദി സർക്കാർ അധികാരത്തിൽ വരുമെന്നാണ് മിക്ക സർവേകളും വ്യക്തമാക്കുന്നത്.
350ന് മുകളിൽ സീറ്റുകളാണ് പല സർവേകളിലും എൻ.ഡി.എക്ക് നൽകുന്നത്. ഇൻഡ്യാ മുന്നണി 200 സീറ്റ് പോലും നേടില്ലെന്നും പ്രവചനമുണ്ട്. എന്നാൽ, 295ന് മുകളിൽ സീറ്റ് നേടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇൻഡ്യാ മുന്നണി. എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി സ്പോൺസർ ചെയ്തതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
കേരളത്തിൽ യു.ഡി.എഫിന്റെ മുന്നേറ്റമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എൽ.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാകില്ല. കൂടാതെ ബി.ജെ.പിക്ക് മൂന്ന് സീറ്റ് വരെ ലഭിക്കുമെന്ന പ്രവചനവുമുണ്ട്. അതിനാൽ തന്നെ ഈ എക്സിറ്റ് പോളുകളെ വിമർശിച്ച് സി.പി.എം അടക്കം രംഗത്തുവന്നിട്ടുണ്ട്.
എക്സിറ്റ് പോളുകൾ മിക്കപ്പോഴും ശരിയാകാറുണ്ട്. എന്നാൽ, പ്രവചനങ്ങൾ പാടെ തെറ്റിയ നിരവധി തെരഞ്ഞെടുപ്പുകൾക്കും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
2004 ലോക്സഭാ തെരഞ്ഞെടുപ്പ്
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ പൂർണ ആത്മവിശ്വാസത്തോടെയാണ് അടൽ ബിഹാരി വാജ്പേയ് നയിച്ച ബി.ജെ.പി സർക്കാർ നേരിട്ടത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മിന്നും വിജയത്തെ തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കി. ഇന്ത്യ തിളങ്ങുന്ന എന്ന മുദ്രാവാക്യവുമായിട്ടാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
240 മുതൽ 275 സീറ്റുകൾ എൻ.ഡി.എ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. എന്നാൽ, 187 സീറ്റ് മാത്രമാണ് അവർക്ക് നേടാനായത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി 216 സീറ്റുകൾ നേടുകയും ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.
2014 ലോക്സഭാ തെരഞ്ഞെടുപ്പ്
എക്സിറ്റ് പോൾ പ്രവചനങ്ങളെ തെറ്റിച്ച മറ്റൊരു തെരഞ്ഞെടുപ്പായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. എൻ.ഡി.എ മികച്ച മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചിരുന്നെങ്കിലും 300ന് മുകളിൽ സീറ്റുകൾ ഉണ്ടാകില്ലെന്നായിരുന്നു നിരീക്ഷണം. 261 മുതൽ 289 വരെ സീറ്റുകളാണ് എൻ.ഡി.എക്ക് പ്രവചിച്ചിരുന്നത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച് 336 സീറ്റ് നേടുകയും ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. കോൺഗ്രസ് വലിയ തിരിച്ചടിയാണ് അന്ന് നേരിട്ടത്. 44 സീറ്റിൽ അവർ ഒതുങ്ങി.
2015 ബിഹാർ തെരഞ്ഞെടുപ്പ്
2015ൽ ബിഹാർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമാണ് പ്രവചിച്ചത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ഉയർന്ന വോട്ട് ശതമാനം ഇതിന് ബലം നൽകുകയും ചെയ്തു. എന്നാൽ, ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം തന്നെ നേടി. ആർ.ജെ.ഡി ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്തു. 178 സീറ്റാണ് മഹാഗത്ബന്ധൻ മുന്നണിക്ക് ലഭിച്ചത്. എൻ.ഡി.എ 58 സീറ്റിൽ ഒതുങ്ങി.
2015 ഡൽഹി തെരഞ്ഞെടുപ്പ്
2015ലെ ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റം എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. എന്നാൽ, അവർക്ക് വലിയൊരു വിജയം തന്നെയുണ്ടാകുമെന്ന് പറയാൻ സാധിച്ചിരുന്നില്ല. ആപ്പിന് പരമാവധി 50 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ, 70ൽ 67 സീറ്റും നേടി കെജ്രിവാളിന്റെ നേതൃത്വത്തിൽ ആപ്പ് ഡൽഹി തൂത്തുവാരി.
2017 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്
നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2017ൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് വരുന്നത്. അതിനാൽ തന്നെ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഫലമായിരിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. എന്നാൽ, സമാജ്‍വാദി പാർട്ടിയെ പിന്നിലാക്കി 325 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലേറുന്ന കാഴ്ചയാണ് കണ്ടത്.
2021 പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്:
2021ൽ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയൊരു മുന്നേറ്റം ആരും പ്രവചിച്ചിരുന്നില്ല. മാത്രമല്ല, ബി.ജെ.പി അധികാരത്തിലേറുമെന്നുള്ള എക്സിറ്റ് പോളുകളും ഉണ്ടായിരുന്നു. എന്നാൽ, 215 സീറ്റുകളുമായി വലിയ വിജയമാണ് ടി.എം.സി നേടിയത്. ബി.ജെ.പിക്ക് 77 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
2023 ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്
കഴിഞ്ഞവർഷം നടന്ന ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച് ബി.ജെ.പി അധികാരത്തിലെത്തി. 90ൽ 54 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോൺഗ്രസ് 35 ൽ ഒതുങ്ങി.