പാർട്ടിക്ക് ദോഷം ചെയ്തിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു; ബിജെപി തള്ളി പറഞ്ഞതിനു പിന്നാലെ നിലപാട് മയപ്പെടുത്തി കങ്കണ

കർഷക സമരത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ കഴിഞ്ഞ ദിവസമാണ് ബിജെപി കങ്കണയെ തള്ളി പറഞ്ഞത്

Update: 2024-08-28 10:48 GMT
Advertising

ഡൽഹി: കർഷക പ്രക്ഷോഭത്തിനെതിരായ പരാമർശത്തിൽ ബിജെപി തള്ളി പറഞ്ഞതിനു പിന്നാലെ നിലപാട് മയപ്പെടുത്തി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. 'പാർട്ടി നേതൃത്വം എന്നെ ശാസിച്ചു, അത് ഉൾക്കൊള്ളുന്നു. പാർട്ടിയുടെ അവസാന ശബ്ദം ഞാനാണെന്ന് കരുതുന്നില്ല. അങ്ങനെ വിശ്വസിക്കാൻ മാത്രം എനിക്ക് ഭ്രാന്തുമില്ല'. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞു.

'തന്റെ പ്രസ്താവനകൾ പാർട്ടിയുടെ ലക്ഷ്യത്തിനോ നയങ്ങൾക്കോ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ പറഞ്ഞത് പാർട്ടിയുടെ നയത്തേയും പാർട്ടി നിലപാടിനേയും തെറ്റായ രീതിയിൽ ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ എന്നേക്കാൾ സങ്കടപ്പെടുന്ന മറ്റൊരു വ്യക്തിയുണ്ടാകില്ല. കങ്കണ കൂട്ടിച്ചേർത്തു. 

കർഷക സമരത്തെക്കുറിച്ച് കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും കങ്കണയുടെ അഭിപ്രായത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്നുമായിരുന്നു ബിജെപിയുടെ വിശദീകരണം. ഇത്തരത്തിലുള്ള പ്രസ്താവന നടത്താൻ കങ്കണയ്ക്ക് അനുവാദമോ അധികാരമോ ഇല്ലെന്നും ബിജെപി വൃത്തങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കങ്കണയ്ക്ക് പാർട്ടി നിർദ്ദേശനൽകുകയും ചെയ്തു.

കങ്കണയെ ബിജെപി തളളിപറഞ്ഞതിനു പിന്നാലെ പാർട്ടിയേയും കങ്കണയേയും വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട മോദി സർക്കാരിന്റെ പ്രചാരണ യന്ത്രമാണ് കങ്കണ. അവർ തുടർച്ചയായി കർഷകരെ അവഹേളിക്കുകയാണെന്ന് തന്റെ എക്സിലെ പോസ്റ്റിലൂടെ രാഹുൽ വിമർശിച്ചു. 378 ദിവസം നീണ്ട മാരത്തൺ സമരത്തിൽ 700ലധികം രക്തസാക്ഷികളായ കർഷകരെ ബലാത്സംഗം ചെയ്യുന്നവരും വിദേശ ശക്തികളുടെ പ്രതിനിധികളുമാണെന്ന് ബിജെപി എംപി വിളിച്ചത് ബിജെപിയുടെ കർഷക വിരുദ്ധ നയത്തിന്റെയും ഉദ്ദേശ്യങ്ങളുടെയും മറ്റൊരു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്നദാതാക്കളെ അനാദരിച്ചും അവരുടെ അന്തസ്സിനു നേരെ ആക്രമണം നടത്തിയും മോദി സർക്കാർ കർഷകരോട് കാട്ടിയ വഞ്ചന മറച്ചുവെക്കാനാകില്ല. നരേന്ദ്ര മോദിയും ബിജെപിയും എത്ര ഗൂഢാലോചന നടത്തിയാലും കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിലെ നിയമപരമായ ഉറപ്പ് ഇൻഡ്യാ മുന്നണി നൽകുമെന്നും രാഹുൽ ?ഗാന്ധി തന്റെ കുറിപ്പിൽ വ്യക്താക്കി. 

ഇന്ത്യയിലെ കർഷക സമരത്തെയും ബംഗ്ലാദേശിലെ പ്രക്ഷോഭത്തെയും താരതമ്യം ചെയ്ത് കങ്കണ നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബംഗ്ലാദേശിൽ ഇപ്പോഴുണ്ടായതിനു തുല്യമായ പ്രതിസന്ധിയിലേക്കു നയിക്കുമായിരുന്നു എന്നായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിനെ തള്ളിയാണ് ബിജെപി രംഗത്തെത്തിയത്.

വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടി. കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്ന നിലയിൽ കാണപ്പെട്ട സാഹചര്യമുണ്ടായിരുന്നതായും കങ്കണ ആരോപിച്ചിരുന്നു. കങ്കണയുടെ പരാമർശങ്ങൾക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News