വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകിയത് പ്രശസ്തിക്കുവേണ്ടി; ഡൽഹിയിൽ 25കാരൻ അറസ്റ്റിൽ
ഉത്തം നഗർ സ്വദേശിയായ ശുഭം ഉപാധ്യായയാണ് അറസ്റ്റിലായത്
ന്യൂഡൽഹി: വിമാനങ്ങള്‍ക്കു നേരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ കേസിലാണ് യുവാവ് അറസ്റ്റിലായത്.
ഡൽഹി ഉത്തം നഗർ സ്വദേശിയായ 25കാരൻ ശുഭം ഉപാധ്യായയാണ് അറസ്റ്റിൽ ആയത്. പ്രശസ്തിക്കുവേണ്ടിയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചതെന്ന് പെലീസ് അറിയിച്ചു.
ഒക്ടോബർ 16ന് ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ നിന്ന് സ്‌കൂൾ വിദ്യാർഥിയായ 17 കാരനെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. ഒക്ടോബർ 14 ന് നാല് വിമാനങ്ങൾക്ക് വിദ്യാർഥി ഭീഷണി സന്ദേശം അയച്ചിരുന്നു. പണത്തെച്ചൊല്ലി സുഹൃത്തുമായുണ്ടായ തർക്കത്തിന് ശേഷമാണ് കൗമാരക്കാരൻ എക്സ് അക്കൗണ്ട് ഉണ്ടാക്കി ഭീഷണി സന്ദേശം അയച്ചത്. നാല് ഫ്ലൈറ്റുകളിൽ രണ്ടെണ്ണം ഭീഷണിയെ തുടർന്ന് വൈകിയിരുന്നു.
വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണി വർധിച്ച സാഹചര്യത്തിൽ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. 72 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അധികാരികൾക്ക് കൈമാറണം. ഇല്ലെങ്കിൽ ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് മാർഗ നിർദ്ദേശം.