ആര്‍ജി കര്‍ മെഡിക്കല്‍ കോളജ്​ ബലാത്സംഗക്കൊല: വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി കുടുംബം

പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ പ്രതിക്ക് വധശിക്ഷ വാങ്ങി നൽകുമായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിൻറെ വാദം

Update: 2025-01-21 01:21 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ബലാത്സംഗം ​ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം അപ്പീൽ നൽകും. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്കാത്തതിനെതിരെയാണ് കുടുംബവും സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകുക. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ അപ്പീൽ നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു. സിബിഐയുടെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ പ്രതിക്ക് വധശിക്ഷ വാങ്ങി നൽകുമായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിൻറെ വാദം. തെളിവ് നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വധശിക്ഷയുടെ കാര്യത്തിൽ സിപിഎമ്മും സിപിഐയും പ്രശ്​നങ്ങൾ ഉയർത്തിയിട്ടുണ്ട്​. വിധി നിരാശാജനകമാണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വിമർശനം. അപൂർവത്തിൽ അപൂർവമെന്നതിൻ്റെ മാനദണ്ഡം എന്തെന്ന് വ്യക്തമാകുന്നില്ലെന്നും സിബിഐയുടെ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട്​ പറഞ്ഞു.

കേസില്‍ പ്രതിയായ സഞ്ജയ് റോയിക്ക് ആജീവനാന്ത ജീവപര്യന്തമാണ്​ കോടതി വിധിച്ചത്​. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി അന്‍പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദം കോടതി തള്ളി.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News