ബദ്‌ലാപൂർ‌ പീഡനം: സ്കൂൾ പ്രിൻസിപ്പലും പൊലീസും ഗുരുതര അനാസ്ഥ കാണിച്ചെന്ന് പരാതി; രൂക്ഷവിമർശനവുമായി കോടതിയും

പ്രീ-പ്രൈമറി ക്ലാസിലെ നാല് വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയത്.

Update: 2024-08-23 01:36 GMT
Advertising

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ പ്രീ-പ്രൈമറി ക്ലാസിലെ നാലുവയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും പൊലീസും ഗുരുതര അനാസ്ഥ കാണിച്ചെന്ന് പരാതി. സ്കൂൾ പ്രിൻസിപ്പൽ പെൺകുട്ടികളിലൊരാളുടെ ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞെന്നും സൈക്കിൾ സവാരി മൂലം പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റതാകാമെന്ന് പറഞ്ഞതായും കുടുംബാംഗം ആരോപിച്ചു.

ലൈംഗികാതിക്രമത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ദീർഘനേരം കാത്തിരിക്കാൻ നിർബന്ധിതരായെന്ന് കുടുംബം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് പറയുകയും ചെയ്തതായും കുടുംബാംഗം വ്യക്തമാക്കി.

പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്റ്റ് 16ന് കുടുംബം റിപ്പോർട്ടുമായി സ്കൂളിലെത്തിയെങ്കിലും അധികൃതർ റിപ്പോർട്ട് തള്ളുകയായിരുന്നു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

ഇന്നലെ കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായ രണ്ടാമത്തെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തത് ഞെട്ടൽ ഉണ്ടാക്കിയെന്ന് കോടതി പറഞ്ഞു. രണ്ട് പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഡിവിഷൻ ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാത്ത ബദ്‌ലാപൂർ സ്‌കൂൾ അധികൃതരെയും ബോംബെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പ്രീ-പ്രൈമറി ക്ലാസിൽ പഠിക്കുന്ന നാലു വയസുള്ള രണ്ട് പെൺകുട്ടികളെ അക്ഷയ് ഷിന്ദേ എന്ന 23കാരനായ ശുചീകരണ തൊഴിലാളിയാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News