രോഹിത് ശർമയുടെ വിക്കറ്റ് ആഘോഷിച്ച ചെന്നൈ ആരാധകനെ അടിച്ചുകൊന്നു

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ രോഹിത് ശർമ ഔട്ടായത് ആഘോഷിച്ചതാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരെ പ്രകോപിപ്പിച്ചത്

Update: 2024-03-31 14:31 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഐ.പി.എൽ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയുടെ വിക്കറ്റ് ആഘോഷിച്ച വയോധികനെ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ ഹൻമന്ത്‌വാദി മേഖലയിലെ കൊൽഹാപൂരിലാണു സംഭവം. കൊല്ലപ്പെട്ട ബന്ദുപന്ത് ടിബൈൽ ചെന്നൈ ആരാധകനാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു സംഭവം നടന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ രോഹിത് ശർമ ഔട്ടായപ്പോൾ ആഘോഷിച്ചതിൽ സ്ഥലത്തുണ്ടായിരുന്ന മുംബൈ ആരാധകർ പ്രകോപിതരായി. വാക്കുതർക്കം ഒടുവിൽ ഉന്തും തള്ളിലും കൈയേറ്റത്തിലും കലാശിച്ചു. ഇതിനിടയിലാണു പ്രതികൾ മരക്കഷണവും വടികളും ഉപയോഗിച്ച് വയോധികനെ മർദിച്ചത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതികളായ ബൽവന്ത് ജാംഗ്‌ജെ, സാഗർ ജാംഗ്‌ജെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ കൂടുതൽ ചോദ്യംചെയ്യാനായി പൊലീസ് റിമാൻഡിൽ വിട്ടു.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോർ പിറന്ന മത്സരമായിരുന്നു ബുധനാഴ്ച നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വെറും 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് അടിച്ചുകൂട്ടിയത്. ഹെൺറിച്ച് ക്ലാസൻ(80*), അഭിഷേക് ശർമ(63), ട്രാവിസ് ഹെഡ്(62) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് റെക്കോർഡ് ഇന്നിങ്‌സിലേക്കു നയിച്ചത്.

മറുപടി ബാറ്റിങ്ങിൽ ലക്ഷ്യത്തോടടുത്തുവരെ മുംബൈ പോരാടിയെങ്കിലും അഞ്ചിന് 246 റൺസിൽ പോരാട്ടം അവസാനിച്ചു. രോഹിതും(12 പന്തിൽ 26) ഇഷൻ കിഷനും(13 പന്തിൽ 34) നൽകിയ മികച്ച തുടക്കം മുതലെടുത്ത് തിലക് വർമയുടെയും(64) ടിം ഡേവിഡിന്റെയും(42*) മിന്നും പ്രകടനമാണ് മുംബൈയെ റെക്കോർഡ് ചേസിങ് സ്‌കോറിനു സഹായിച്ചത്.

Summary: CSK fan beaten to death for celebrating MI's Rohit Sharma's wicket in IPL 2024 match against SRH

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News