'വിട കോമ്രേഡ്'; യെച്ചൂരിക്ക് വിടചൊല്ലി രാജ്യം
വിലാപയാത്രക്ക് ശേഷം മൃതദേഹം എയിംസിന് കൈമാറും.
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിടചൊല്ലി രാജ്യം. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിയാണ് ദേശീയ നേതാക്കൾ അന്ത്യാഭിവാദ്യമർപ്പിച്ചത്. സോണിയാ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, കപിൽ സിബൽ, മനീഷ് സിസോദിയ, പി. ചിദംബരം, കനിമൊഴി, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, ജയറാം രമേശ്, ഉദയനിധി സ്റ്റാലിൻ, അശോക് ഗെഹലോട്ട്, ശരദ് പവാർ, വിയറ്റ്‌നാം, ഫലസ്തീൻ, ചൈനീസ് അംബാസഡർമാർ അന്തിമോപചാരമർപ്പിച്ചു.
യെച്ചൂരിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് ശരദ് പവാർ പറഞ്ഞു. പാർലമെന്റിനെ മാസ്മരിക സ്വാധീനത്തിലാക്കിയ നേതാവായിരുന്നു യെച്ചൂരിയെന്ന് കപിൽ സിബലും വരും തലമുറകൾക്ക് രാഷ്ട്രീയ പാഠപുസ്തകമെന്ന് കനിമൊഴിയും അനുസ്മരിച്ചു.
പൊതുദർശനത്തിന് ശേഷം എകെജി ഭവനിൽനിന്ന് വിലാപയാത്ര ആരംഭിച്ചു. അശോക റോഡ് വരെയുള്ള വിലാപയാത്രക്ക് ശേഷം മൃതദേഹം വിദ്യാർഥികൾക്ക് പഠിക്കാനായി എയിംസിന് കൈമാറും.പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എംഎ ബേബി, എംവി ഗോവിന്ദൻ, കേരളത്തിലെ മന്ത്രിമാർ തുടങ്ങിയവർ വിലാപയാത്രയിൽ പങ്കെടുക്കുന്നുണ്ട്.