കര്‍ഷകക്കൊല: പ്രധാനമന്ത്രി മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യുഎസിലെ വിദ്യാര്‍ഥികള്‍, മന്ത്രിയുടെ മറുപടിയിങ്ങനെ..
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിര്‍മല സീതാരാമന്‍.
ലഖിംപുർഖേരിയിൽ നാല് കർഷകർ കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായതിനാലാണ് മറ്റുള്ളവർ ഈ സംഭവം ഉയർത്തിക്കാണിക്കുന്നതെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഹര്‍വാര്‍ഡ് കെന്നഡി സ്കൂളിലെ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിര്‍മല സീതാരാമന്‍.
ലഖിംപൂരിലെ കര്‍ഷകക്കൊലയെ കുറിച്ച് പ്രധാനമന്ത്രിയോ മുതിര്‍ന്ന മന്ത്രിമാരോ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നാണ് വിദ്യാര്‍ഥികള്‍ ചോദിച്ചത്. നിര്‍മല സീതാരാമന്‍റെ മറുപടി ഇങ്ങനെയായിരുന്നു- "ഇത്തരം സംഭവങ്ങള്‍ തികച്ചും അപലപിക്കേണ്ടതാണ്. നിങ്ങള്‍ ഈ ചോദ്യംചോദിച്ചതില്‍ സന്തോഷമുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം നിങ്ങളും ഇന്ത്യയെ അറിയാവുന്ന ഡോ.അമര്‍ത്യാസെന്‍ ഉള്‍പ്പടെയുള്ളവരും അത് ഉയര്‍ത്തിക്കാട്ടുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ട് നമുക്ക് തോന്നുമ്പോള്‍ മാത്രമാവരുത് ഉയര്‍ത്തിക്കാട്ടല്‍. ഒരിടത്തെ മാത്രം സംഭവത്തെക്കുറിച്ചല്ല, രാജ്യമൊട്ടാകെ നടക്കുന്ന കാര്യങ്ങളിലാണ് എനിക്ക് ആശങ്ക. എന്‍റെ പാർട്ടിയോ പ്രധാനമന്ത്രിയോ ഇക്കാര്യത്തിൽ പ്രതിരോധത്തിലല്ല. ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്. പരിഹസിച്ചാല്‍ ഞാന്‍ എഴുന്നേറ്റുനിന്ന് നമുക്ക് വസ്തുതകളെ കുറിച്ച് സംസാരിക്കാമെന്ന് പറയും".
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര തെറ്റ് ചെയ്തെങ്കിൽ അതുകണ്ടുപിടിക്കാൻ വിശദമായ അന്വേഷണം നടത്തുകയാണെന്നും നിർമല സീതാരാമന്‍ പറഞ്ഞു. കര്‍ഷക സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് പതിറ്റാണ്ടുകള്‍ വിവിധ പാര്‍ലമെന്‍ററി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്താണ് നിയമം കൊണ്ടുവന്നതെന്ന് മന്ത്രി മറുപടി നല്‍കി. നിയമങ്ങളെ കുറിച്ച് ലോക്സഭയില്‍ വിശദമായ ചര്‍ച്ച നടന്നു. എന്നാല്‍ രാജ്യസഭയിലെത്തിയപ്പോള്‍ ഭയങ്കര ബഹളമായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.