കർഷക മാർച്ച്: കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു

കർഷക സമരത്തിനെതിരെ ആർ.എസ്.എസ് മുഖപ്പത്രം രംഗത്തുവന്നു

Update: 2024-02-22 05:39 GMT
Advertising

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ കർഷകർക്ക് നേരെ കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു. പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിലും പൊലീസ് റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെപ്പ് നടത്തിയെന്നാണ് കർഷകർ ആരോപിക്കുന്നത്. ഇന്നലെയുണ്ടായ പൊലീസ് നടപടിയിൽ നിരവധി പേർക്കാണ് ശംഭുവിൽ പരിക്കേറ്റത്.

​പൊലീസ് ഉപയോഗിച്ച റബർ ബുള്ളറ്റിന്റെ അവശിഷ്ടങ്ങൾ കർഷകർ സൂക്ഷിച്ചിട്ടുണ്ട്. ഖനൗരിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ യുവ കർഷകൻ മരിച്ചതോടെ കർഷക മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, ബി.ജെ.പി നേതാക്കളുടെ വസതികളിലേക്കുള്ള ട്രാക്ടർ മാർച്ച് ​ഇന്ന് നടക്കും. കൂടാതെ ഹരിയാനയിലെ റോഡുകൾ രണ്ട് മണിക്കൂർ ഉപരോധിക്കും.

ഭട്ടിൻഡ സ്വദേശി ശുഭ്കരൺ സിങ്ങാണ് കഴിഞ്ഞദിവസം മരിച്ചത്. തലക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോൾ തന്നെ ഇദ്ദേഹം മരിച്ചിരുന്നു. കണ്ണീർവാതക ഷെല്ല് തലയിൽ കൊണ്ടാണ് മരണമെന്ന് കർഷകർ ആരോപിക്കുന്നു. എന്നാൽ, മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. സംഘർഷത്തിൽ 30 കർഷകർക്കും 12 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച വരെയാണ് കർഷകർ കേന്ദ്ര സർക്കാറിന് നൽകിയ സമയം. അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ മാർച്ച് തുടരാനാണ് തീരുമാനം.

അതേസമയം, കർഷക സമരത്തിനെതിരെ ആർ.എസ്.എസ് മുഖപ്പത്രം രംഗത്തുവന്നു. താങ്ങുവിലക്ക് നിയമം വേണമെന്ന ആവശ്യം യുക്തിഭദ്രമല്ലെന്ന് ഓർഗനൈസർ ചൂണ്ടിക്കാട്ടി. കർഷക സമരം രാഷ്ട്രീയ പ്രേരിതമാണ്.

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വരെ സമരത്തിൽ ഉയരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുത്തി ജനാധിപത്യ വിരുദ്ധ പ്രതിഷേധമാണ് നടക്കുന്നത്. സർക്കാർ വിരുദ്ധ അന്തരീക്ഷമുണ്ടാക്കാൻ പ്രതിപക്ഷം പ്രതിഷേധത്തെ പിന്തുണക്കുകയാണെന്നും ഓർഗനൈസർ ആരോപിക്കുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News