കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ നാഷണൽ കോൺഫറൻസ് മത്സരിക്കും: ഫാറൂഖ് അബ്ദുല്ല
'തെരഞ്ഞെടുപ്പ് എപ്പോഴാണ് നടത്തുക എന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ, അക്കാര്യത്തിൽ ഞങ്ങൾക്കൊരു നിലപാടുണ്ട്.'
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായുള്ള പോരാട്ടങ്ങൾ തുടരുമ്പോൾ തന്നെ, തെരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും തങ്ങൾ മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. തന്റെ പിതാവും പാർട്ടി സ്ഥാപകനുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ 39-ാം ചരമവാർഷിക ചടങ്ങിനു ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പ് എപ്പോഴാണ് നടത്തുക എന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ, അക്കാര്യത്തിൽ ഞങ്ങൾക്കൊരു നിലപാടുണ്ട്. ജമ്മു കശ്മീരിൽ എപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാലും നാഷണൽ കോൺഫറൻസ് മത്സരിക്കും.' - അദ്ദേഹം പറഞ്ഞു.
2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രസർക്കാർ, ജമ്മുകശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുമാറ്റിയിരുന്നു. ജമ്മുവിനെയും കശ്മീരിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. 370 എടുത്തുകളയുന്നതിനെ തുടർന്ന് ഫാറൂഖ് അബ്ദുല്ലയടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയിരുന്നു.